കേടായ ബൾബുകൾക്കായി ക്ലിനിക്; കാർബൺ ബഹിർഗമനം കുറക്കുക എന്ന ലക്ഷ്യത്തോടെ വീട്ടമ്മമാർ

കൊച്ചി : വീട്ടിലെ എൽ.ഇ.ഡി ബൾബുകൾ കേടായാൽ അവ വലിച്ചെറിഞ്ഞ് പുതിയത് സ്ഥാപിക്കുക എന്നല്ലാതെ മറ്റൊന്നും നാം ചിന്തിക്കാറില്ല. എന്നാൽ എൽ.ഇ.ഡി ബൾബുകൾ അലക്ഷ്യമായി വലിച്ചെറിയപ്പെടുന്നതിലൂടെ ഉണ്ടാവുന്ന പരിസ്ഥിതി പ്രശ്നങ്ങൾ വളരെ വലുതാണ്. തുരുത്തിക്കര റൂറൽ സയൻസ് ആൻഡ് ടെക്നോളജി സെന്റർ എക്സിക്യുട്ടിവ് ഡയറക്ടറായ തങ്കച്ചൻ പി.എ യുടെ നേതൃത്വത്തിൽ കേടായ ബൾബുകൾക്ക് ഒരു ക്ലിനിക് ഒരുങ്ങിയിരിക്കുകയാണ്. പഞ്ചായത്തിലെ കാർബൺ പ്രശ്നം പരിഹരിക്കുന്നതിനുള്ള ചർച്ചയിൽ നിന്നാണ് എൽ.ഇ.ഡി ക്ലിനിക് എന്ന ആശയം ഉരുത്തിരിഞ്ഞത്. കേടായ ബൾബുകൾ നന്നാക്കി പുനരുപയോഗിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. 2017 മുതൽ ആരംഭിച്ച പദ്ധതിയിൽ പരിശീലനം നേടുന്നതിനും, സഹായം ലഭിക്കുന്നതിനും നിരവധി ആളുകൾ എത്തുന്നു. കുടുംബശ്രീ, ഹരിതകർമ്മസേന എന്നിവയിൽ പ്രവർത്തിക്കുന്ന സ്ത്രീകളാണ് ഇതിൽ പ്രവർത്തിക്കുന്നത്. വലിയൊരു ഉപജീവന മാർഗമാണ് എൽ.ഇ.ഡി ക്ലിനിക് വഴി സ്ത്രീകൾക്ക് ലഭിച്ച് വരുന്നത്. 50 ലധികം ബൾബുകൾ പ്രതിമാസം റിപ്പയർ ചെയ്യുന്നതിനായി ലഭിക്കുന്നു. 40 രൂപയാണ് ഇതിന് ഈടാക്കുന്നത്. സ്വന്തമായി ബൾബുകൾ നിർമ്മിച്ച് 100 രൂപക്ക് വിൽക്കുകയും ചെയ്യുന്നു. ഓഫീസുകൾ, മറ്റ് സ്ഥാപനങ്ങൾ എന്നിവിടങ്ങളിലായി ഒരു പഞ്ചായത്തിൽ 500 എൽ.ഇ.ഡി ബൾബുകളും, തെരുവ് വിളക്കുകളും ഉപയോഗിക്കുന്നുണ്ടെന്നും, ഇവ പുനർനിർമ്മാണം ചെയ്യാനായാൽ ചിലവ് കുറക്കുന്നതോടൊപ്പം, പരിസ്ഥിതി പ്രശ്നങ്ങളും ഇല്ലാതാക്കാമെന്നും ഇവർ പറയുന്നു.

Related Posts