പുതുവർഷത്തിലേക്ക് സംഗീതത്തിന്റെയും നാടകത്തിന്റെയും വാദ്യത്തിന്റെയും വരവറിയിച്ച ത്രിദ്വിന ഹോപ്പ് ഫെസ്റ്റിന് ശുഭപരിസമാപ്തി

തൃശ്ശൂർ: കൊവിഡ് മഹാമാരിയാൽ നിറം മങ്ങിപ്പോയ ജീവിതത്തിന് കലയിലൂടെയും സംഗീതത്തിലൂടെയും നാടകത്തിലൂടെയും പുതുജീവൻ നൽകി കേരള സംഗീത നാടക അക്കാദമി സംഘടിപ്പിച്ച ത്രിദ്വിന ഹോപ്പ് ഫെസ്റ്റിന് ശുഭപരിസമാപ്തി. സമാപന സമ്മേളനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു ഉദ്‌ഘാടനം ചെയ്തു. യുവജനങ്ങൾക്കിടയിൽ ഹിംസാത്മകമായ ചെയ്തികൾ വർദ്ധിച്ചു വരുന്ന വർത്തമാനകാലത്ത് അവരെ നേർവഴിക്ക് നയിക്കാനുള്ള മറുമരുന്നാണ് കല എന്ന് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. ഉദാത്തമായ വ്യക്തിത്വം രൂപപ്പെടുത്തുന്നതിൽ കലയ്ക്കുള്ള പങ്ക് ചെറുതല്ല, മനുഷ്യമനസ്സിലെ സമ്മർദ്ദങ്ങൾ ലഘൂകരിക്കാനും വിമലീകരിക്കാനും കല ഉത്തമമരുന്നാണെന്ന് മന്ത്രി പറഞ്ഞു. ചടങ്ങിൽ അക്കാദമി വൈസ് ചെയർമാൻ സേവ്യർ പുൽപ്പാട്ട് അധ്യക്ഷത വഹിച്ചു. നിർവാഹക സമിതി അംഗം വി ടി മുരളി സ്വാഗതവും, അക്കാദമി സെക്രട്ടറി പ്രഭാകരൻ പഴശ്ശി നന്ദിയും പറഞ്ഞു.

കൊവിഡ് ഭീഷണി നിലനിൽക്കുന്നതിനാൽ 2021 ൽ ഇറ്റ്ഫോക്ക്‌ സംഘടിപ്പിക്കാൻ സാധിക്കാത്തതിനാൽ കലാമേഖലയിൽ ഉണ്ടാവുന്ന ശൂന്യത നികത്തുന്നതിനാണ് അക്കാദമി ഹോപ്പ് ഫെസ്റ്റ് സംഘടിപ്പിച്ചത്. പരിപാടികളിലെ വൈവിധ്യം കൊണ്ടും അവതരണശൈലിയിലെ മികവു കൊണ്ടും ഫെസ്റ്റ് കാണികളുടെ മനം കവർന്നിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നിരവധി കലാസ്വാദകരാണ് പരിപാടി കാണാൻ എത്തിയത്. കേരളത്തിന് അത്ര സുപരിചിതമല്ലാത്ത ക്ലൗൺ ഷോ, സർക്കസ് തിയറ്റർ എന്നിവ മേളയുടെ മുഖ്യാകർഷണം ആയിരുന്നു. ഫെസ്റ്റിനോടനുബന്ധിച്ച്‌ ആരംഭിച്ച ഇറ്റ്ഫോക്ക്‌ ഫോട്ടോപ്രദർശനം ജനുവരി അഞ്ചു വരെ ഉണ്ടായിരിക്കും. ഫോട്ടോപ്രദർശനം രാവിലെ 11 മുതൽ രാത്രി 8 വരെയാണ്.

Related Posts