ഹിമാചലിൽ മേഘവിസ്ഫോടനം; വ്യാപക നാശനഷ്ടം, ഒരു മരണം

ഹിമാചൽ: ഹിമാചൽ പ്രദേശിൽ കനത്ത മഴ തുടരുന്നു. ചമ്പ ജില്ലയിലെ സരോഗ് ഗ്രാമത്തിൽ ഉണ്ടായ മേഘവിസ്ഫോടനത്തിൽ കനത്ത നാശമുണ്ടായി. കിഹാർ സെക്ടറിലെ ദണ്ഡ് മുഗളിലെ ഭദോഗ ഗ്രാമത്തിൽ ഉണ്ടായ ഉരുൾപൊട്ടലിൽ മതിൽ ഇടിഞ്ഞ് വിദ്യാർത്ഥി മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു. നാട്ടുകാരുടെ സഹായത്തോടെ പൊലീസ് സ്ഥലത്തെത്തി മൃതദേഹം അവശിഷ്ടങ്ങളിൽ നിന്ന് പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചു. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. കനത്ത മഴയിൽ ദണ്ഡ് നാലയിൽ കാറുകളും ബൈക്കുകളും ഒലിച്ചുപോയി. നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും കൃഷിയിടങ്ങൾ വെള്ളത്തിൽ മുങ്ങുകയും ചെയ്തു. ഭർമൂർ-ഹദ്‌സർ റോഡിൽ പ്രംഗാലയ്ക്ക് സമീപം പാറ വീണ് പാലം തകർന്നു. ബഗ്ഗയ്ക്ക് സമീപം കനത്ത മണ്ണിടിച്ചിലിനെ തുടർന്ന് ഹൈവേ തടസ്സപ്പെട്ടിരിക്കുകയാണ്. ചമ്പ ജില്ലയിലെ 32 റോഡുകളിൽ ഗതാഗതം സ്തംഭിച്ചു. സലൂനി മേഖലയിൽ പാലങ്ങൾ ഒലിച്ചുപോയി. നിരവധി വീടുകൾ ഭരണസമിതി ഒഴിപ്പിച്ചു. ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുകയാണ്.

Related Posts