കൊവിഡ് നഷ്ടപരിഹാരത്തിനായി കേന്ദ്രം പ്രത്യേക ഫണ്ട് അനുവദിക്കണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാന ദുരന്തനിവാരണ ഫണ്ടിൽനിന്നാണ് ദേശീയ ദുരന്തനിവാരണ അതോറിറ്റിയുടെ ശുപാർശ അംഗീകരിച്ചാൽ കൊവിഡ് ബാധിച്ചവരുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകേണ്ടിവരുന്നത്. സംസ്ഥാനഫണ്ട് ആണെങ്കിലും ഇതിന്റെ 25 ശതമാനമാണ് സംസ്ഥാനങ്ങളുടെ വിഹിതം. 75 ശതമാനവും കേന്ദ്രം നൽകുന്നതാണ്.
കേരളത്തിന് ഈ വർഷം 410 കോടിരൂപയാണ് ഫണ്ട്. കൊവിഡ് പ്രതിരോധത്തിനും ഇത് ഉപയോഗിക്കുന്നുണ്ട്. മറ്റു ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കും സംസ്ഥാനഫണ്ട് ഉപയോഗിക്കേണ്ടതിനാൽ കൊവിഡ് മരണ നഷ്ടപരിഹാരം പ്രത്യേകമായിക്കണ്ട് ഫണ്ട് അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യമുന്നയിക്കാനാണ് കേരളത്തിന്റെ ആലോചന.
നഷ്ടപരിഹാരം നാട് ആഗ്രഹിക്കുന്നതാണ്. നല്ലൊരുപങ്ക് കേന്ദ്രം തരേണ്ടിവരും. ഒന്നും തരാനാവില്ലെന്ന നിലപാടുണ്ടായാൽ അംഗീകരിക്കാനാവില്ല. അതേസമയം, സംസ്ഥാനത്തിന് ഇതിന്റെ ബാധ്യതയിൽനിന്ന് പൂർണമായി ഒഴിഞ്ഞു നിൽക്കാനാകില്ല. അത്തരമൊരു നിലപാടും സർക്കാരിനില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.