പിഎഫ്ഐ നിരോധനത്തിൽ യോഗം വിളിച്ച് മുഖ്യമന്ത്രി; സംസ്ഥാനത്ത് സുരക്ഷ ശക്തമാക്കി

തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ടിനെയും 8 അനുബന്ധ സംഘടനകളെയും നിരോധിക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിന് പിന്നാലെ സംസ്ഥാനത്ത് സുരക്ഷ ശക്തമാക്കി. സർക്കാരിനെ നയിക്കുന്ന സിപിഎം കേന്ദ്രങ്ങളോ ഉന്നത ഉദ്യോഗസ്ഥരോ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല. മുഖ്യമന്ത്രി ആഭ്യന്തര സെക്രട്ടറിയുടെയും ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുമായുള്ള ചർച്ചയ്ക്ക് ശേഷം ഇക്കാര്യത്തിൽ പ്രതികരിക്കാമെന്നാണ് ഉന്നത ഉദ്യോഗസ്ഥരുടെ നിലപാട്. നിരോധിച്ച് കൊണ്ടുള്ള കേന്ദ്ര വിജ്‌ഞാപനത്തിനായി കാത്തിരിക്കുകയാണ് കേരളം. വിജ്ഞാപനം ലഭിച്ച ശേഷം സംസ്ഥാനം തുടർനടപടികൾ സ്വീകരിക്കും. അതേസമയം, സിപിഎം കേന്ദ്രങ്ങൾ ഈ വിഷയത്തിൽ കരുതലോടെയാണ് പ്രതികരിച്ചത്. പോപ്പുലർ ഫ്രണ്ടിന്‍റെ നിരോധനത്തിൽ പാർട്ടി നിലപാട് കേന്ദ്രകമ്മിറ്റി പ്രഖ്യാപിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പ്രതികരിച്ചു. നിരോധനം കൊണ്ട് കാര്യമില്ലെന്ന തന്‍റെ മുൻ നിലപാടിൽ ഉറച്ചുനിൽക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. വർഗീയതയ്ക്ക് എതിരെയാണെങ്കിൽ ഒരു സംഘടനയെ മാത്രം നിരോധിക്കുന്നതിൽ അർത്ഥമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു. വിഷയം ആലോചിച്ച ശേഷം പ്രതികരിക്കാമെന്ന് പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ പറഞ്ഞു. നിലപാട് പറയാൻ അഖിലേന്ത്യ സെക്രട്ടറി സീതാറാം യെച്ചൂരി വൈകാതെ മാധ്യമങ്ങളെ കാണും.

Related Posts