ജൈവ ഇന്ധന വാഹനം പുറത്തിറക്കണം; ആറുമാസത്തിനകം നിയമം കൊണ്ടുവരും; നിതിൻ ഗഡ്കരി.

അഞ്ചുവർഷംകൊണ്ട് വിവിധ ഇന്ധനങ്ങൾ ഉപയോഗിക്കുന്ന വാഹനങ്ങളുടെ നിർമാണ ഹബ്ബായി രാജ്യത്തെ മാറ്റണമെന്ന് ഗഡ്കരി.

പൂർണമായും ജൈവ ഇന്ധനം ഉപയോഗിച്ചോടുന്ന വാഹനങ്ങൾകൂടി പുറത്തിറക്കണമെന്നും ആറു മാസത്തിനകം നിയമം കൊണ്ടുവരുമെന്നും വാഹന നിർമാതാക്കളോട് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. ബ്രോക്കറേജ് കമ്പനിയായ ഇളാര കാപിറ്റൽ സംഘടിപ്പിച്ച ചടങ്ങിൽ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി. പെട്രോൾ, ഡീസൽ വിലകൾ ഉയരുന്ന സാഹചര്യത്തിൽ ഉപഭോക്താക്കൾക്ക് ഇത് കൂടുതൽ ലാഭകരമായിരിക്കും.

പെട്രോളിന് 100 രൂപയ്ക്കു മുകളിൽ ചെലവുവരുമ്പോൾ ജൈവ എഥനോളിന് 65 രൂപ മാത്രമാണ് വേണ്ടിവരുക. ജൈവ ഇന്ധനത്തിന് മലിനീകരണം താരതമ്യേന കുറവാണ്. മാത്രമല്ല, എണ്ണ ഇറക്കുമതിച്ചെലവ് കുറയ്ക്കാനും കഴിയുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഒരേ എൻജിനിൽ പല ഇന്ധനങ്ങൾ ഉപയോഗിക്കാവുന്ന സൗകര്യമുള്ള എൻജിനുകൾ അവതരിപ്പിക്കാൻ വാഹനക്കമ്പനികൾ സന്നദ്ധമാകണം. ഇതിന് ആറുമാസത്തിനകം നിയമം കൊണ്ടുവരാനാണ് ആലോചന. പെട്രോളും ഡീസലും വിൽക്കുന്ന അതേ രീതിയിൽ ജൈവ ഇന്ധനം ലഭ്യമാക്കൻ എണ്ണ വിപണന കമ്പനികൾക്ക് നിർദേശം നൽകിക്കഴിഞ്ഞു. ഇതുവഴി ഉപഭോക്താക്കൾക്ക് വാഹനങ്ങളിൽ പെട്രോൾ, ബയോ എഥനോൾ എന്നിവ ഇഷ്ടാനുസരണം തിരഞ്ഞെടുത്ത് ഉപയോഗിക്കാനാകും.

വൈദ്യുതവാഹന മേഖല മെച്ചപ്പെടുന്നുണ്ട്. ഒരു വർഷത്തിനകം രാജ്യത്ത് വൈദ്യുത വാഹനങ്ങളുടെ സാന്ദ്രത കൂടിവരും. അഞ്ചുവർഷംകൊണ്ട് വിവിധ ഇന്ധനങ്ങൾ ഉപയോഗിക്കുന്ന വാഹനങ്ങളുടെ നിർമാണ ഹബ്ബായി രാജ്യത്തെ മാറ്റണമെന്നാണ് ആഗ്രഹമെന്നും ഗഡ്കരി പറഞ്ഞു.

പല വിളകൾക്കും കർഷകർക്കു നൽകുന്ന താങ്ങുവില വിപണി വിലയെക്കാൾ കൂടുതലാണിപ്പോൾ. അരി, ചോളം, പഞ്ചസാര തുടങ്ങിയവയുടെ നീക്കിയിരിപ്പ് എഥനോൾ ഉത്പാദിപ്പിക്കാൻ ഉപയോഗിക്കാം. ഇത് കർഷകർക്ക് കൂടുതൽ വില ലഭിക്കാനും രാജ്യപുരോഗതിക്കും പ്രയോജനപ്പെടും.

ഹൈഡ്രജൻ ഇന്ധനമായി ഉപയോഗിക്കുന്നതിനുള്ള ശ്രമങ്ങളും ശക്തമാക്കിയിട്ടുണ്ട്. കടൽജലത്തിൽനിന്നും മലിനജലത്തിൽനിന്നും ഇതിനായുള്ള ഹൈഡ്രജൻ വേർതിരിച്ചെടുക്കാനാകുമെന്നും മന്ത്രി പറഞ്ഞു.

Related Posts