കോയമ്പത്തൂർ സ്ഫോടനം; ജമേഷയുമായി ബന്ധമുള്ള അഞ്ച് പേർ അറസ്റ്റിൽ

കോയമ്പത്തൂർ: കോയമ്പത്തൂർ ഉക്കടത്ത് കാറിൽ സ്ഫോടനമുണ്ടായ സംഭവത്തിൽ അഞ്ച് പേർ അറസ്റ്റിൽ. ഫിറോസ് ഇസ്മായിൽ, നവാസ് ഇസ്മായിൽ, മുഹമ്മദ് ധൽഹ, മുഹമ്മദ് റിയാസ്, മുഹമ്മദ് അസ്ഹറുദ്ദീൻ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ജി.എം. നഗർ, ഉക്കടം സ്വദേശികളാണ് പിടിയിലായത്. സ്ഫോടനത്തിൽ കൊല്ലപ്പെട്ട ജമേഷ മുബിനുമായി ഇവർക്ക് അടുപ്പമുണ്ടായിരുന്നു. സ്ഫോടക വസ്തുക്കളുടെ ശേഖരണത്തിലും സ്ഫോടനത്തിന്‍റെ ആസൂത്രണത്തിലും ഇവർക്ക് പങ്കുണ്ടെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന സൂചന. കോയമ്പത്തൂരിലെ കോട്ടമേട് സംഗമേശ്വര ക്ഷേത്രത്തിന് മുന്നിൽ ഞായറാഴ്ച പുലർച്ചെയാണ് സ്ഫോടനം നടന്നത്. സ്ഫോടനത്തിൽ കാർ പൂർണമായും തകർന്നു. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ ശേഖരിച്ചാണ് പൊലീസ് അന്വേഷണം നടത്തിയത്. സ്ഫോടനം നടന്ന കോട്ടമേട് സംഗമേശ്വർ ക്ഷേത്രത്തിന് സമീപത്തെ സിസിടിവി ദൃശ്യങ്ങളും മരിച്ച ജമേഷ മുബിന്‍റെ വീടിന് സമീപത്തെ ദൃശ്യങ്ങളുമാണ് പൊലീസ് ശേഖരിച്ചത്. രാത്രി 11.45 ഓടെ സി.സി.ടി.വിയിൽ റെക്കോർഡ് ആയ ദൃശ്യങ്ങളാണ് മുബിന്‍റെ വീടിന് സമീപത്ത് നിന്ന് കണ്ടെത്തിയത്. ദൃശ്യങ്ങളിൽ നാല് പേർ കാറിനുള്ളിൽ സാധനങ്ങൾ വെക്കുന്നത് കാണാം. അതേസമയം, സ്ഫോടനത്തിന് പിന്നിൽ തീവ്രവാദ ബന്ധമുണ്ടോയെന്നും അന്വേഷണ സംഘം സംശയിക്കുന്നുണ്ട്. സ്ഫോടനത്തിൽ കൊല്ലപ്പെട്ട ജമേഷ മുബിനെ 2009 ൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. ഇതാണ് തീവ്രവാദ ബന്ധമുണ്ടെന്ന സംശയത്തിന് കാരണം. ഇത് വ്യക്തമായതോടെ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരുന്നു.

Related Posts