ശബരിമലയില്‍ കുന്നുകൂടി നാണയങ്ങൾ; 69 ദിവസമായി എണ്ണുന്നത് 600ലധികം ജീവനക്കാർ

ആലപ്പുഴ: കാണിക്കയായി ലഭിച്ച നാണയമെണ്ണിത്തളര്‍ന്ന് ശബരിമലയിലെ ജീവനക്കാർ. 600 ലധികം ജീവനക്കാർ തുടർച്ചയായി 69 ദിവസമായി എണ്ണുന്നുണ്ടെങ്കിലും നാണയങ്ങൾ കുന്നുകൂടി കിടക്കുകയാണ്. എണ്ണിത്തീരാതെ ഇവർക്ക് പോരാനുമാകില്ല. അതിനാൽ ഇവർക്ക് അവധി നല്‍കാന്‍ ബോര്‍ഡ് പ്രത്യേക തീരുമാനമെടുക്കേണ്ട സ്ഥിതിയാണ്. നോട്ടുകൾ എണ്ണിതീർന്നു, പക്ഷേ നാണയത്തിന്‍റെ മൂന്ന് കൂമ്പാരങ്ങളിൽ ഒരെണ്ണം മാത്രമേ പൂർത്തിയായുള്ളൂ. ഈ നിലയിലാണെങ്കിൽ, എണ്ണാൻ രണ്ട് മാസമെടുക്കും. ഇതിനിടെ ഡെങ്കിപ്പനിയും ചിക്കൻപോക്സും ബാധിച്ചവർ ചികിത്സയ്ക്കായി പോകുകയും ചെയ്തു. സ്പെഷ്യൽ ജോലിക്കായി ശബരിമലയിലേക്ക് പോയ ജീവനക്കാർ മടങ്ങിയെത്താത്തത് സംസ്ഥാനത്തെ ക്ഷേത്രങ്ങളെ ബാധിച്ചിട്ടുണ്ട്. മിക്കയിടത്തും ഉത്സവങ്ങൾ നടക്കുകയാണ്. അതിനാൽ ശബരിമലയിലേക്ക് നൽകിയവരെ തിരിച്ചയക്കണമെന്നാണ് അതത് ദേവസ്വം ഓഫീസര്‍മാരുടെ ആവശ്യം.

Related Posts