മഴക്കാല മുന്നൊരുക്കങ്ങൾവിലയിരുത്താൻ ജില്ലാ കലക്ടര്‍ എസ് ഷാനവാസിന്റെ അധ്യക്ഷതയില്‍ ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു.

മഴക്കാല മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിന് ജില്ലാ കലക്ടര്‍ എസ് ഷാനവാസിന്റെ അധ്യക്ഷതയില്‍ നോഡല്‍ ഓഫീസര്‍മാരുടെയും അസി. നോഡല്‍ ഓഫീസര്‍മാരുടെയും യോഗം ചേര്‍ന്നു. ഓരോ നിയോജക മണ്ഡലങ്ങളിലും മഴക്കാലവുമായി ബന്ധപ്പെട്ട വിവിധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനാണ് നോഡല്‍ ഓഫീസര്‍മാരെ നിയമിച്ചിട്ടുള്ളത്. അതത് എം എല്‍ എമാരുടെ നിര്‍ദ്ദേശ പ്രകാരമുള്ള മഴക്കാല പൂര്‍വ്വ പ്രവര്‍ത്തനങ്ങള്‍ നോഡല്‍ ഓഫീസര്‍മാര്‍ അസി.നോഡല്‍ ഓഫീസര്‍മാര്‍ എന്നിവര്‍ ചേര്‍ന്ന് ഏകോപിപ്പിക്കണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശിച്ചു.

കാലവര്‍ഷം ശക്തി പ്രാപിക്കുന്നതോടെ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കേണ്ടി വരും. വെള്ളകെട്ടുകള്‍ രൂപപ്പെടാന്‍ സാധ്യതയുള്ള പ്രദേശങ്ങളിലെ ആളുകളെ മാറ്റി പാര്‍പ്പിക്കുന്നതിന് നടപടി സ്വീകരിക്കണം. ജില്ലയില്‍ റെഡ് സ്‌പോര്‍ട്ടുകളായി തിരിച്ചിട്ടുള്ള പ്രദേശങ്ങളില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം.പഞ്ചായത്തുതലത്തില്‍ ഈ പ്രദേശങ്ങളില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കണം. കോള്‍നിലങ്ങളുള്ള പ്രദേശങ്ങള്‍ ജില്ലയിലുണ്ട്. ഇവിടങ്ങളില്‍ നിന്ന് വെള്ളം ഇറങ്ങാന്‍ ചിലപ്പോള്‍ കാലതാമസം ഉണ്ടാകാം. കടല്‍ക്ഷോഭമുള്ള പ്രദേശങ്ങളില്‍ ജിയോ ബാഗുകള്‍ സ്ഥാപിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ഒരുക്കണം. മാലിന്യ സംസ്‌കരണം, പകര്‍ച്ചവ്യാധി തടയല്‍, ദുരന്ത നിവാരണപ്രവര്‍ത്തനങ്ങള്‍ തുടങ്ങി കാര്യങ്ങള്‍ നിയോജക മണ്ഡല അടിസ്ഥാനത്തില്‍ ഏകോപിക്കണം. വിവിധ വകുപ്പുകളുടെ സഹകരണം ഇതിനായി ഉറപ്പാക്കണം.

കനാലുകള്‍, നീര്‍ച്ചാലുകള്‍ എന്നിവയുടെ നീരൊഴിക്കിന് തടസ്സമായി നില്‍ക്കുന്ന നിര്‍മ്മിതികള്‍ നീക്കം ചെയ്യണം. ജില്ലയിലെ പാതയോരങ്ങളില്‍ അപകടകരമായി നിലകൊള്ളുന്ന മരങ്ങളുടെ ചില്ലകള്‍ മുറിച്ചു മാറ്റണം തുടങ്ങിയ കാര്യങ്ങള്‍ നോഡല്‍ ഓഫീസര്‍മാരുടെ ഇടപെലിലൂടെ

പൂര്‍ത്തിയാക്കണം.

മഴക്കാലത്തിനുശേഷം ക്യാമ്പുകളില്‍ നിന്ന് വീടുകളിലേക്ക് മടങ്ങുന്നവര്‍ക്ക് പലവിധ അപകടങ്ങള്‍ സംഭവിക്കാറുണ്ട്. വീടുകളില്‍ തിരികെയത്തുന്നവര്‍ക്ക് വൈദ്യുതി, ഇഴ ജന്തുക്കള്‍, ചെളിയില്‍ തെന്നി വീണുണ്ടാകുന്ന അപടകങ്ങള്‍ എത്തിവയെക്കുറിച്ച് ജാഗ്രതാ നിര്‍ദ്ദേശം നല്‍കണമെന്നും കലക്ടര്‍ യോഗത്തില്‍ പറഞ്ഞു. അസി. കലക്ടര്‍ സൂഫിയാന്‍ അഹമ്മദ്, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ രാജന്‍ ഇ എ, എ.ഡി,സി ശ്യാമലക്ഷ്മി, ഡിസാസ്റ്റര്‍ ഡെപ്യൂട്ടി കലക്ടര്‍ പി എ പ്രദീപ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Related Posts