നിലപാട് കടുപ്പിച്ച് കൊളീജിയം അംഗങ്ങൾ; ലൈംഗിക ആഭിമുഖ്യം ജഡ്ജി നിയമനത്തിന് മാനദണ്ഡമല്ല
ദില്ലി: സുപ്രീംകോടതി ജഡ്ജിമാരുടെ നിയമനത്തിൽ നിലപാട് കടുപ്പിച്ച് സുപ്രീം കോടതി കൊളീജിയം. അഭിഭാഷകരുടെ ലൈംഗിക ആഭിമുഖ്യമോ സോഷ്യൽ മീഡിയയിലെ പ്രതികരണങ്ങളോ ജഡ്ജിയുടെ നിയമനത്തിന്‍റെ മാനദണ്ഡമല്ലെന്ന് സുപ്രീം കോടതി കൊളീജിയം വ്യക്തമാക്കി. ഈ കാരണങ്ങൾ ചൂണ്ടിക്കാട്ടി കേന്ദ്രം തിരിച്ചയച്ച പേരുകൾ വീണ്ടും ശുപാർശ ചെയ്തു. സ്വവർഗ്ഗാനുരാഗിയായ സൗരബ് കിർപാലിനെ ഡൽഹി ഹൈക്കോടതി ജഡ്ജിയാക്കാനുള്ള ശുപാർശ കേന്ദ്രം തിരിച്ചയച്ച പശ്ചാത്തലത്തിലാണ് കൊളീജിയത്തിന്‍റെ നിലപാട്. അഭിഭാഷകൻ സോമശേഖർ സുന്ദരേശന്‍റെ പേര് ശുപാർശ ചെയ്ത് കൊളീജിയം വീണ്ടും ബോംബെ ഹൈക്കോടതിക്ക് കത്തയച്ചു. സ്വവർഗാനുരാഗിയായ സൗരബ് കിർപാലിനെ ഡൽഹി ഹൈക്കോടതി ജഡ്ജിയാക്കാനുള്ള ശുപാർശ മൂന്നാം തവണയും കൊളീജിയം ആവർത്തിച്ചിരുന്നു. കൊൽക്കത്ത ഹൈക്കോടതിൽ ജഡ്ജിയാക്കാനുള്ള രണ്ട് അഭിഭാഷകരുടെ പേരുകൾ മൂന്നാം തവണയും കൊളീജിയം ആവർത്തിച്ചു.