വരുന്നു, കേന്ദ്ര സർക്കാർ ഓഫീസുകളിൽ 'യോഗ ബ്രേക്ക് '

ജോലി സംബന്ധമായ സമ്മർദങ്ങൾ ലഘൂകരിക്കാനും ജീവനക്കാരുടെ ഉത്പാദനക്ഷമത വർധിപ്പിക്കാനുമായി കേന്ദ്ര സർക്കാർ ഓഫീസുകളിൽ യോഗ ബ്രേക്ക് നടപ്പിലാക്കുന്നു.

ആയുഷ് മന്ത്രാലയമാണ് യോഗ ബ്രേക്ക് നടപ്പിലാക്കണമെന്ന ആവശ്യവുമായി വിവിധ മന്ത്രാലയങ്ങൾക്ക് കത്തയച്ചത്. നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയിലും നാഷണൽ ഹൈവേസ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് ഓഫീസുകളിലും യോഗ ബ്രേക്ക് നിലവിൽ വന്നിട്ടുണ്ട്. ഈ വർഷം സെപ്റ്റംബറിൽ യോഗ ബ്രേക്കിനുള്ള മൊബൈൽ ആപ്പ് കേന്ദ്ര സർക്കാർ പുറത്തിറക്കിയിരുന്നു.

ആറ് പ്രധാന മെട്രോ നഗരങ്ങളിൽ കഴിഞ്ഞവർഷം ജനുവരിയിൽ പരീക്ഷണാടിസ്ഥാനത്തിൽ യോഗ ബ്രേക്ക് കൊണ്ടുവന്നിരുന്നു. മൊറാർജി ദേശായി നാഷണൽ യോഗ ഇൻസ്റ്റിറ്റ്യൂട്ട്, രാജ്യത്തെ മറ്റ് ആറ് പ്രമുഖ യോഗാ പരിശീലന കേന്ദ്രങ്ങളുടെ സഹകരണത്തോടെയാണ് 15 ദിവസത്തെ ട്രയൽ നടത്തിയത്.

ജീവിതശൈലിയിലെ മാറ്റവും കമ്പ്യൂട്ടറിൽ ദീർഘനേരം ചെലവഴിക്കുന്നതും ജീവനക്കാർക്കിടയിൽ ജോലി സംബന്ധമായ സമ്മർദത്തിന് കാരണമാകുന്നതായി ആയുഷ് മന്ത്രാലയം നടത്തിയ സർവേയിൽ കണ്ടെത്തിയിരുന്നു. 2019-ൽ മന്ത്രാലയം ഒരു ഹ്രസ്വ യോഗ ബ്രേക്ക് പ്രോട്ടോക്കോൾ വികസിപ്പിച്ചെടുത്തിരുന്നു.

5 മിനിറ്റാണ് പ്രോട്ടോക്കോളിൻ്റെ ദൈർഘ്യം. തഡാസനം-ഉര്‍ധ്വ ഹസ്തോത്തനാസന-തഡാസനം, സ്കന്ദചക്ര- ഉത്തനമണ്ഡുകാസനം-കതി ചക്രാസനം, അര്‍ധ ചക്രാസനം, പ്രസരിത പഡോത്തനാസനം-ഡീപ് ബ്രീതിം​ഗ്, നാഡിശോധന പ്രാണായാമം, ഭ്രമരി പ്രാണായാമം-ധ്യാനം എന്നിവയാണ് പ്രോട്ടോക്കോളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Related Posts