കോമൺവെൽത്ത് ഗെയിംസ് ഇന്നുമുതൽ
കോമൺവെൽത്ത് ഗെയിംസിന് ഇന്ന് തുടക്കം. ഇന്ന് ഇന്ത്യക്ക് 10 ഇനങ്ങളിലാണ് ഫൈനൽ മത്സരങ്ങളുള്ളത്. ട്രയാത്തലൺ, ജിംനാസ്റ്റിക്സ്, സൈക്ക്ളിംഗ്, നീന്തൽ തുടങ്ങിയ ഇനങ്ങളിലാണ് ഫൈനൽ. മലയാളി നീന്തൽ താരം സജൻ പ്രകാശ് 50 മീറ്റർ ബട്ടർഫ്ലൈസ് ഇനത്തിൽ സെമിഫൈനൽ പോരിനിറങ്ങും. കോമൺവെൽത്ത് ഗെയിംസിൽ ആദ്യമായി ഉൾപ്പെടുത്തിയ വനിതാ ക്രിക്കറ്റിൽ ഇന്ത്യ ഇന്ന് ഓസ്ട്രേലിയയെ നേരിടും.
ബോക്സിംഗിൽ ഇന്ന് ശിവ് ഥാപ്പെ ഇറങ്ങും. ഇന്ത്യയുടെ ഉറച്ച മെഡൽ പ്രതീക്ഷയാണ് ഥാപ്പെ. മിക്സഡ് ബാഡ്മിൻ്റണിൽ ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടും. വനിതാ ഹോക്കിയിൽ ഘാന ഇന്ത്യയുടെ എതിരാളികളാവും. ഇരു മത്സരങ്ങളിലും ഇന്ത്യക്ക് മെഡൽ പ്രതീക്ഷയുണ്ട്.
എക്കാലവും മെഡൽ വാരിക്കൂട്ടിയിട്ടുള്ള ഷൂട്ടിംഗും അമ്പെയ്ത്തും ഒഴിവാക്കിയത് ഇന്ത്യക്ക് തിരിച്ചടിയാണ്. ആകെ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യ നേടിയ 503 മെഡലുകളിൽ 130ഓളം മെഡലുകൾ ഷൂട്ടിംഗിൽ നിന്ന് മാത്രമാണ്. ഉറച്ച മെഡൽ പ്രതീക്ഷയായ ജാവലിൻ ത്രോ താരം നീരജ് ചോപ്ര പരുക്കേറ്റ് പുറത്തായതും ഇന്ത്യയുടെ നഷ്ടമാണ്. കഴിഞ്ഞ തവണ 66 മെഡലുകളാണ് ഇന്ത്യ നേടിയത്.
മറ്റൊരു മെഡൽ പ്രതീക്ഷയായ ക്രിക്കറ്റിൽ ഇന്ത്യക്ക് ഇന്ന് കരുത്തരായ എതിരാളികളാണ്. നിലവിലെ ലോകചാമ്പ്യന്മാരായ ഓസ്ട്രേലിയയാണ് ഇന്ത്യയുടെ എതിരാളികൾ. എഡ്ജ്ബാസ്റ്റണിൽ ഇന്ത്യൻ സമയം വൈകിട്ട് 4.30ന് മത്സരം ആരംഭിക്കും.
ഇരുപത്തിരണ്ടാമത് കോമണ്‍വെല്‍ത്ത് ഗെയിംസിന് ഇംഗ്ലണ്ടിലെ ബര്‍മിങ്ഹാമില്‍ വര്‍ണാഭമായ തുടക്കമാണ് ലഭിച്ചത്. മാർച്ച് പാസ്റ്റിൽ ബാഡ്മിൻ്റൺ താരം പി വി സിന്ധുവും ഹോക്കി ടീം ക്യാപ്റ്റൻ മൻപ്രീത് സിംഗും ചേർന്നാണ് ഇന്ത്യൻ പതാകയേന്തിയത്. 215 പേരടങ്ങുന്ന ഇന്ത്യന്‍ സംഘം പി വി സിന്ധുവിന്റെ നേതൃത്വത്തിലാണ് സ്റ്റേഡിയത്തിലേക്ക് മാർച്ച് പാസ്റ്റായി എത്തിയത്. ചാൾസ് രാജകുമാരനാണ് മേള ഔദ്യോഗികമായി തുടങ്ങി എന്ന് പ്രഖ്യാപിച്ചത്. 72 രാജ്യങ്ങളിൽ നിന്നുള്ള കായിക പ്രതിഭകൾ അണിനിരക്കുന്ന 11 ദിവസം നീളും.