കോമൺവെൽത്ത് ഗെയിംസ്; മിക്സഡ് ഡബിൾസ് ടേബിൾ ടെന്നീസിൽ ഇന്ത്യക്ക് സ്വർണ്ണം
ബര്‍മിങ്ഹാം: കോമൺവെൽത്ത് ഗെയിംസിൽ മിക്സഡ് ഡബിൾസ് ടേബിൾ ടെന്നീസ് ഇനത്തിൽ ഇന്ത്യ സ്വർണ്ണ മെഡൽ നേടി. അചന്ത ശരത് കമൽ-ശ്രീജ അകുല സഖ്യമാണ് സ്വർണം നേടിയത്. മലേഷ്യയുടെ ചൂംഗ്- ലിൻ ജോഡിയെ ആണ് ഇന്ത്യൻ ടീം പരാജയപ്പെടുത്തിയത്. ഗെയിംസിൽ ഇന്ത്യയുടെ 18-ാം സ്വർണ്ണനേട്ടമാണിത്. കരിയറിൽ ആദ്യമായാണ് ശരത് കമൽ മിക്സഡ് ഡബിൾസിൽ സ്വർണം നേടുന്നത്. ആദ്യ ഗെയിം അനായാസം ജയിച്ച ഇന്ത്യൻ താരങ്ങൾ രണ്ടാം ഗെയിമിൽ കാലിടറി. എന്നാലും ഇന്ത്യൻ ജോഡി ശക്തമായി തിരിച്ചുവന്ന് എതിരാളികളെ പരാജയപ്പെടുത്തി സ്വർണ്ണം നേടി. കോമൺവെൽത്ത് ഗെയിംസിൽ വനിതാ ഡബിൾസിൽ ഇന്ത്യ വെങ്കല മെഡൽ നേടി. യുവതാരങ്ങളായ ട്രീസ ജോളി, ഗായത്രി ഗോപീചന്ദ് സഖ്യമാണ് മെഡൽ നേടിയത്. മത്സരത്തിൽ ഓസ്ട്രേലിയൻ ജോഡികളായ വെന്റി ചാൻ-സോമർവിൽ സഖ്യത്തെ നേരിട്ടുള്ള സെറ്റുകൾക്കാണ് ഇന്ത്യൻ ടീം പരാജയപ്പെടുത്തിയത്.