കൊവിഡ് സ്ഥിരീകരിച്ച് 30 ദിവസത്തിനുള്ളിൽ ആത്മഹത്യ ചെയ്തവർക്കും നഷ്ടപരിഹാരം; കേന്ദ്രസർക്കാർ

ന്യൂഡൽഹി: കൊവിഡ് സ്ഥിരീകരിച്ച് 30 ദിവസത്തിനുള്ളിൽ ആത്മഹത്യ ചെയ്തവർക്കും നഷ്ടപരിഹാരത്തിന് അർഹതയുണ്ടെന്ന് കേന്ദ്ര സർക്കാർ. നഷ്ടപരിഹാരം സംബന്ധിച്ച കേന്ദ്ര സർക്കാരിന്റെ സത്യവാങ്മൂലത്തിൽ സുപ്രീംകോടതി തൃപ്തി രേഖപ്പെടുത്തി. ദേശിയ ദുരന്ത നിവാരണ അതോറിറ്റിയുടെ മാർഗ്ഗ രേഖ പ്രകാരമാണ് നഷ്ടപരിഹാര വിതരണം. കൊവിഡിനെ തുടർന്ന് ആത്മഹത്യ ചെയ്തവർക്ക് സാമ്പത്തിക സഹായം നൽകിക്കൂടെയെന്ന് കഴിഞ്ഞ തവണ ഹർജി പരിഗണിച്ചപ്പോൾ സുപ്രീംകോടതി ആരാഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിൽ നിന്ന് 50,000 രൂപയുടെ സഹായത്തിന് കൊവിഡ് ബാധിച്ച് ആത്മഹത്യ ചെയ്തരവരുടെ കുടംബത്തിന് അർഹതയുണ്ടെന്ന് കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചത്. മറ്റൊരു രാജ്യത്തിനും ഇന്ത്യ നടത്തിയത് പോലുള്ള പ്രതിരോധ പ്രവർത്തനം നടത്താനായില്ലെന്നും കേസ് പരിഗണിച്ച ജസ്റ്റിസ് എം ആർ ഷാ അഭിപ്രായപ്പെട്ടു.

സെപ്റ്റംബർ മൂന്നിന് ഐ സി എം ആറും, കേന്ദ്ര ആരോഗ്യ മന്ത്രാലയവും പുറത്തിറക്കിയ മാർഗ്ഗരേഖയുടെ അടിസ്ഥാനത്തിലാണ് കൊവിഡ് മരണ സർട്ടിഫിക്കറ്റ് നൽകുന്നത്. കൊവിഡ് മരണമെന്ന് രേഖപ്പെടുത്താത്തതിലുള്ള പരാതികൾ പരിശോധിക്കാൻ ജില്ലാ തലത്തിൽ സമിതികൾ ഉണ്ടാകുമെന്ന് സോളിസിറ്റർ ജനറൽ സുപ്രീം കോടതിയെ അറിയിച്ചു. സമിതിക്ക് കൊവിഡ് മരണമെന്ന് ബോധ്യമായാൽ രേഖപ്പെടുത്തിയ പുതിയ സർട്ടിഫിക്കറ്റ് നൽകുമെന്നും സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു.

ചിലർക്ക് എങ്കിലും സാന്ത്വനം നല്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് കോടതി വ്യക്തമാക്കി. എന്നാൽ രാജ്യത്ത് മൂന്നാം തരംഗത്തിന്റെ ഭീഷണി ഒഴിഞ്ഞുവെന്ന ചില വിദഗ്ദ്ധരുടെ അഭിപ്രായ പ്രകടനത്തിൽ കോടതി അതൃപ്തി രേഖപ്പെടുത്തി. ഇത്തരം അഭിപ്രായ പ്രകടനങ്ങൾ ജനങ്ങളിൽ ജാഗ്രത കുറയ്ക്കാൻ വഴിവയ്ക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി. കേസിൽ ഉത്തരവ് ഒക്ടോബർ നാലിന് പുറത്തിറക്കുമെന്നും ജസ്റ്റിസ് എം ആർ ഷായുടെ അധ്യക്ഷതയിലുള്ള ബെഞ്ച് വ്യക്തമാക്കി.

Related Posts