സിഐ ലൈംഗികമായി പീഡിപ്പിച്ചെന്ന് പോക്സോ കേസ് പ്രതിയുടെ പരാതി
തിരുവനന്തപുരം: സസ്പെൻഷനിലായ സിഐക്കെതിരെ പോക്സോ കേസിലെ പ്രതി ലൈംഗിക പീഡന പരാതി ഉന്നയിച്ചു. തിരുവനന്തപുരം അയിരൂർ പോലീസ് സ്റ്റേഷനിലെ മുൻ എസ്എച്ച്ഒയായ ജയസനിലെതിരെയാണ് പോക്സോ കേസിലെ പ്രതി പരാതി നൽകിയിരിക്കുന്നത്. കൈക്കൂലിക്കേസിലെ പ്രതിയായ ജയസനിൽ നിലവിൽ സസ്പെൻഷനിലാണ്. പോക്സോ കേസ് പ്രതിയുടെ പരാതിയിൽ സിഐക്കെതിരെ പീഡനക്കേസ് രജിസ്റ്റർ ചെയ്തു. തന്നെ സിഐ ക്വാർട്ടേഴ്സിൽ പാർപ്പിച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതിയിൽ പറയുന്നത്. മാധ്യമങ്ങളിൽ വാർത്ത വരാതിരിക്കാനായിരുന്നു പീഡനമെന്നാണ് ആരോപണം. പിന്നീട് സിഐ പ്രതിയുടെ കൈയ്യിൽ നിന്ന് പണം വാങ്ങിയെന്നും ആരോപണമുണ്ട്. സംഭവം വർക്കല ഡിവൈഎസ്പി അന്വേഷിക്കും. അയിരൂർ പോലീസ് ആണ് സിഐക്കെതിരെ കേസെടുത്തത്. വർക്കല സബ് ഡിവിഷന്‍റെ കീഴിലാണ് പൊലീസ് സ്റ്റേഷൻ വരുന്നത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നിരുന്നു. അഭിഭാഷകൻ വഴിയാണ് വിദേശത്ത് നിന്ന് നാട്ടിലെത്തിച്ചത്. വാർത്ത മാധ്യമങ്ങളിൽ വരാതിരിക്കാൻ സിഐ പ്രതിയിൽ നിന്ന് പണം വാങ്ങി സ്റ്റേഷനിൽ കൊണ്ടുപോകുന്നതിന് പകരം ക്വാർട്ടേഴ്സിൽ താമസിപ്പിക്കുകയായിരുന്നു. പിറ്റേന്ന് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.