സമഗ്ര വിദ്യാഭ്യാസ പദ്ധതി : ടാസ്‌ക് ഫോഴ്‌സ് ചർച്ചാ യോഗം ചേർന്നു
തൃശൂർ ജില്ലാ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന സമഗ്ര വിദ്യാഭ്യാസ പദ്ധതിയുമായി ബന്ധപ്പെട്ട് രൂപീകരിച്ച വിവിധ ടാസ്‌ക് ഫോഴ്‌സുകളുടെ ചർച്ചായോഗം രാമവർമ്മപുരത്തെ വിജ്ഞാൻ സാഗറിൽ നടന്നു. മുൻ വിദ്യാഭ്യാസ മന്ത്രി പ്രൊഫ സി രവീന്ദ്രനാഥ് യോഗം ഉദ്ഘാടനം ചെയ്തു. ആധുനികവും പുരോഗമനപരവുമായ വിദ്യാഭ്യാസത്തിൽ വിഷയ പഠനം മാത്രമല്ല സമൂഹവും പ്രകൃതിയും ജീവിതവുമാണ് പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യേണ്ടതെന്ന് സി രവീന്ദ്രനാഥ് പറഞ്ഞു.
നിലവിലെ വിദ്യാഭ്യാസ സമ്പ്രദായത്തിലെ വൈരുധ്യങ്ങൾ പരിഹരിക്കാനാകണം സമഗ്രവിദ്യാഭ്യാസ പരിപാടി ലക്ഷ്യമിടേണ്ടതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അറിവ് കൂടുന്തോറും മാനവികത കുറയുകയും പാരിസ്ഥിതിക പ്രശ്നങ്ങളും നിരക്ഷരതയും വർഗീയതയും വംശീയതയും അന്ധവിശ്വാസവും വർദ്ധിക്കുകയും ചെയ്യുന്നു. സമൂഹത്തിലെ തെറ്റുകളോടും കുറവുകളോടുമുള്ള വിമർശനം വിദ്യാർത്ഥികളുടെ മനസ്സിലുണ്ടാകണം. ലഭിക്കുന്ന വിവരങ്ങളെ വിജ്ഞാനമാക്കി മാറ്റാനുള്ള ചിന്ത കുട്ടികളുടെ മനസ്സിൽ ഉണർത്താനാകണം. കുട്ടികളുടെ സർഗ്ഗശേഷി സമഗ്രമായി വളർത്തുന്ന പദ്ധതിയാണ് ഉണ്ടാകേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി കെ ഡേവിസ് മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷീന പറയങ്ങാട്ടിൽ, വിദ്യാഭ്യാസ ഉപഡയറക്ടർ ടി വി മദനമോഹനൻ, സ്ഥിരം സമിതി അധ്യക്ഷന്മാരായ എ വി വല്ലഭൻ, പി എം അഹമ്മദ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ വി എസ് പ്രിൻസ്, വി ടി അബ്ദുൽ റഹ്‌മാൻ, അനീഷ് പി ജോസഫ്, മഞ്ജുള അരുണൻ, അജയഘോഷ്, വി എൻ സുർജിത്, സാബിറ, കെ ആർ മായ ടീച്ചർ, ലിനി ടീച്ചർ തുടങ്ങിയവർ പങ്കെടുത്തു.
ജില്ലയുടെ വിദ്യാഭ്യാസ സാംസ്‌കാരിക മുന്നേറ്റം ലക്ഷ്യമിടുന്നതാണ് പദ്ധതി. ഭാഷ, സാഹിത്യം, ശാസ്ത്രം, ഗണിതം, ആരോഗ്യ-കായിക- വിദ്യാഭ്യാസം, കലയും സംസ്കാരവും, ജെന്റർ വിദ്യാഭ്യാസം, പാർശ്വവൽക്കരിക്കപ്പെട്ടവരുടെ വിദ്യാഭ്യാസം, വിദ്യാഭ്യാസ സാങ്കേതികത, ആരോഗ്യവും ശുചിത്വവും, കൃഷി, ചരിത്രവും പൈതൃകവും, കൗമാര വിദ്യാഭ്യാസവും കരിയർ ഗൈഡൻസും എന്നിങ്ങനെ 12 ടാസ്ക് ഫോഴ്സുകളാണ് രൂപീകരിച്ചിട്ടുള്ളത്. ജില്ലയിൽ 12 ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ ടാസ്‌ക് ഫോഴ്സ് കൺവീനർമാരായി പ്രവർത്തിക്കും.
ഉച്ചക്ക് ശേഷം പൊതു അവതരണവും നടന്നു. സമാപനയോഗത്തിൽ എ വി വല്ലഭൻ അധ്യക്ഷനായി. വി മനോജ് ക്രോഡീകരണം നടത്തി. ഡോ ഷീല വിശ്വനാഥൻ നന്ദിയും പറഞ്ഞു.