സമഗ്ര വിദ്യാഭ്യാസ പരിപാടി - ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനതലവന്മാരുടെ ശിൽപശാല സംഘടിപ്പിച്ചു

തൃശൂർ ജില്ലയിൽ 'സമഗ്ര വിദ്യാഭ്യാസ പരിപാടി' തയ്യാറാക്കാനുള്ള ഒരുക്കത്തിന്റെ ഭാഗമായി ജില്ലാതലത്തിൽ ശിൽപശാല നടന്നു. തൃശൂർ വിജ്ഞാൻ സാഗറിൽ നടന്ന ശിൽപശാലയിൽ ജില്ലാ പഞ്ചയാത്ത് പ്രസിഡണ്ട് പി കെ ഡേവിസ് മാസ്റ്റര്‍ അധ്യക്ഷനായി. വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് ജില്ലയിൽ ഇടപെടുന്ന ഏജൻസികളേയും മുഴുവൻ സർക്കാർ, സർക്കാരേതര വകുപ്പുകളേയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളേയും സന്നദ്ധരായ വ്യക്തികളേയും ബന്ധിപ്പിച്ചുകൊണ്ടുള്ള ഒരു സമഗ്ര ജില്ലാ വിദ്യാഭ്യാസ പദ്ധതിയാണ് തയ്യാറാക്കിക്കൊണ്ടിരിക്കുന്നത്. ജില്ലാതലത്തിൽ 12 ടാസ്ക് ഫോഴ്സുകൾ രൂപീകരിച്ച് പ്രവർത്തനങ്ങൾ മുന്നോട്ട് പോകുകയാണ്. വിശദമായ ഒരു പദ്ധതിരേഖ രൂപപ്പെട്ടുകഴിഞ്ഞു. കില ഫാക്കൽറ്റി ഡോ. കെ രാജേഷ്, ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ ടി വി മദനമോഹനൻ, പദ്ധതിയുടെ ജില്ലാ കോ ഓഡിനേറ്റർ വി മനോജ് എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.

ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ ലതാ ചന്ദ്രൻ, ജില്ലാ പഞ്ചായത്ത് അംഗം കെ വി സജു, ബ്ലോക്ക്‌ പ്രസിഡണ്ടുമാരായ കെ വി നഫീസ, എ കെ രാധാകൃഷ്ണൻ, കൃഷ്ണകുമാർ, ചാവക്കാട് നഗരസഭാ അധ്യക്ഷ ഷീജ പ്രശാന്ത്, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ ഹസീന താജുദീൻ, ജോസ് ചിറ്റിലപ്പിള്ളി, പി ഐ സാജിത, ജിയോഫോക്സ്, അമ്പിളി സോമൻ, സുനിൽ കുമാർ, രതി അനിൽ കുമാർ, ജാസ്മിൻ ഷെഹീർ, പ്രിൻസി ഫ്രാൻസിസ്, കെ എം സോമൻ എന്നിവർ സംസാരിച്ചു.

ജനുവരി 10ന് തദ്ദേശ സ്ഥാപനങ്ങളിലെ വിദ്യാഭാസ സ്ഥിരം സമിതി അധ്യക്ഷൻമാരുടെയും നിർവ്വഹണ ഉദ്യോഗസ്ഥരുടെയും യോഗം എലൈറ്റ് ഇന്റർനാഷണൽ ഹോട്ടലിൽ വെച്ച് നടക്കും. കിലയാണ് പരിശീലനപരിപാടികൾക്ക് നേതൃത്വം നൽകുന്നത്.

ജില്ലാ പഞ്ചയാത്ത് വൈസ് പ്രസിഡണ്ട് ഷീന പറയങ്ങാട്ടിൽ സ്വാഗതവും വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ അഡ്വ. എ വി വല്ലഭൻ നന്ദിയും പറഞ്ഞു.

Related Posts