വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്ക് വർദ്ധിപ്പിക്കണം; സമര മുന്നറിയിപ്പുമായി ബസ്സുടമകൾ
തിരുവനന്തപുരം: സംസ്ഥാന ബജറ്റ് അവതരണത്തിന് പിന്നാലെ നിരക്ക് വർദ്ധിപ്പിക്കണമെന്ന ആവശ്യമായി സ്വകാര്യ ബസുടമകൾ രംഗത്ത്. വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്ക് വർദ്ധിപ്പിക്കണമെന്നാണ് ബസുടമകളുടെ ആവശ്യം. സർക്കാർ ആവശ്യം അംഗീകരിച്ചില്ലെങ്കിൽ സമരം നടത്തുമെന്നും സംഘടനകൾ മുന്നറിയിപ്പ് നൽകി. ഡീസൽ വില വർദ്ധനവ് അംഗീകരിക്കാനാവില്ല. വിദ്യാർത്ഥികളുടെ ചാർജ് വർദ്ധന ഉൾപ്പെടെ, നിരക്ക് വർദ്ധിപ്പിക്കാതെ സ്വകാര്യ ബസുകൾക്ക് സർവീസ് നടത്താനാകില്ലെന്നും ഓൾ കേരള ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി ടി ഗോപിനാഥൻ പറഞ്ഞു. ഇന്ധനത്തിന് രണ്ട് രൂപ സെസ് ചുമത്തുമെന്ന ബജറ്റ് പ്രഖ്യാപനത്തിനെതിരെ ഇതിനകം തന്നെ വലിയ വിമർശനം ഉയർന്നിട്ടുണ്ട്. ഇന്ധനവില വർദ്ധിക്കുന്ന സാഹചര്യത്തിൽ അതിജീവിക്കാൻ ബുദ്ധിമുട്ടാണെന്നാണ് ഓട്ടോത്തൊഴിലാളികളും അഭിപ്രായപ്പെടുന്നത്.