ഇൻവിജിലേറ്റർമാരുടെ പെരുമാറ്റ രീതി; പരീക്ഷാകേന്ദ്രങ്ങൾക്ക് മുന്നറിയിപ്പുമായി പി എസ് സി
തിരുവനന്തപുരം: പി.എസ്.സി പരീക്ഷാ ഹാളിൽ ഇൻവിജിലേറ്റർമാർ ഫോൺ ഉപയോഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പരീക്ഷാകേന്ദ്രങ്ങൾക്ക് മുന്നറിയിപ്പുമായി പി.എസ്.സി. ഇതുസംബന്ധിച്ച് പി.എസ്.സി സെക്രട്ടറി അതത് പരീക്ഷാകേന്ദ്രങ്ങളിലെ ചീഫ് സൂപ്രണ്ടുമാർക്ക് കത്ത് നൽകി. വിവിധ കേന്ദ്രങ്ങളിൽ നിന്നുള്ള ഉദ്യോഗാർത്ഥികളുടെ പരാതിയെ തുടർന്നാണ് നടപടി. പരീക്ഷാസമയത്ത് ചില ഇൻവിജിലേറ്റർമാർ ഹാളിൽ നിന്ന് പുറത്തിറങ്ങി സഹപ്രവർത്തകരുമായി സംസാരിക്കുന്നുണ്ടെന്നും വാണിങ്ബെൽസമയത്ത് ഒഎംആർ ഷീറ്റ് തിരിച്ചെടുത്ത് പരീക്ഷ അവസാനിപ്പിക്കുന്നതായും കണ്ടെത്തലുണ്ട്. ഉദ്യോഗാർത്ഥികളുടെ ഒപ്പ് ആവശ്യമുള്ളിടത്ത് രേഖപ്പെടുത്താതെ പരീക്ഷയുമായി ബന്ധപ്പെട്ട രേഖകൾ മടക്കിനൽകുന്ന പ്രവണതയും ആവർത്തിക്കുന്നുണ്ടെന്ന് പി.എസ്.സി ചൂണ്ടിക്കാണിക്കുന്നു. ലിസ്റ്റിൽ രണ്ടിടത്ത് ഉദ്യോഗാർത്ഥികളുടെ ഒപ്പ് രേഖപ്പെടുത്തണം. തിരിച്ചറിയൽകാർഡ് നമ്പറിനൊപ്പം ആവശ്യമായ ഉദ്യോഗാർഥിയുടെ ഒപ്പുമാണ് രേഖപ്പെടുത്താതെ പോവുന്നത്.