അഫ്ഗാൻ സർക്കാരിൻ്റെ സ്വത്ത് കണ്ടുകെട്ടിയ നടപടി; അമേരിക്കയോടുള്ള നയം മാറ്റേണ്ടി വരുമെന്ന് താലിബാൻ
9/11 ആക്രമണത്തിന് ഇരയായവർക്ക് നഷ്ടപരിഹാരം നൽകാൻ അഫ്ഗാനിസ്താൻ്റെ സ്വത്തിൽ ഒരു ഭാഗം മരവിപ്പിക്കാനുള്ള തീരുമാനം വാഷിങ്ങ്ടൺ റദ്ദാക്കിയില്ലെങ്കിൽ അമേരിക്കയോടുള്ള നയം പുനഃപരിശോധിക്കാൻ തങ്ങൾ നിർബന്ധിതരാകുമെന്ന് താലിബാൻ.
2001 സെപ്റ്റംബർ 11-ലെ ആക്രമണത്തിൽ കൊല്ലപ്പെട്ടവർക്കുള്ള നഷ്ടപരിഹാരം നൽകാനും അമേരിക്കയ്ക്ക് എതിരായ ആക്രമണങ്ങൾക്ക് പിഴ ചുമത്താനും യുദ്ധാനന്തര അഫ്ഗാനിസ്താൻ്റെ പുനർനിർമാണത്തിനുള്ള തുക വകയിരുത്താനുമായി മുൻ അഫ്ഗാൻ സർക്കാരിന്റെ 7 ബില്യൺ ഡോളർ ആസ്തിയാണ് അമേരിക്ക കണ്ടുകെട്ടിയത്.
അമേരിക്കൻ നടപടി താലിബാൻ നേതാക്കളിൽ നിന്ന് രോഷാകുലമായ പ്രതികരണങ്ങളാണ് ക്ഷണിച്ചു വരുത്തിയത്. അഫ്ഗാനിസ്താൻ്റെ സ്വത്ത് മരവിപ്പിക്കാനുള്ള നീക്കം മോഷണം ആണെന്നും അത് അമേരിക്കയുടെ ധാർമിക അധ:പതനത്തിൻ്റെ അടയാളമാണെന്നും താലിബാൻ കുറ്റപ്പെടുത്തി. 9/11 ആക്രമണത്തിന് അഫ്ഗാനിസ്താനുമായി യാതൊരു ബന്ധവുമില്ലെന്ന് ഡെപ്യൂട്ടി വക്താവ് ഇനാമുള്ള സമംഗാനി പ്രസ്താവനയിൽ പറഞ്ഞു. 9/11 സംഭവത്തിന്റെ മറവിൽ അഫ്ഗാൻ ജനതയുടെ സ്വത്ത് ദുരുപയോഗം ചെയ്യുന്നത് ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്താനുമായി ഉണ്ടാക്കിയ കരാറിന്റെ നഗ്നമായ ലംഘനമാണ്.