മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; നിരവധി വീടുകള്‍ക്ക് തീവെച്ചു

കേന്ദ്രസര്‍ക്കാരിന് വന്‍ വെല്ലുവിളിയായി മണിപ്പൂര്‍ സംഘര്‍ഷം. കേന്ദ്രസര്‍ക്കാര്‍ രൂപീകരിച്ച സമാധാന സമിതിയില്‍ ഇരുവിഭാഗവും അവിശ്വാസം രേഖപ്പെടുത്തിയതോടെ പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് ഇടപെടണം എന്ന ആവശ്യം ശക്തമാവുകയാണ്.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നേരിട്ട നയിച്ച സമാധാന ദൗത്യം മണിപ്പൂരില്‍ വഴിമുട്ടുന്നു. അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മയുടെ ഇടപെടലിനും സമാധാനം സ്ഥാപിക്കാനായില്ല. ക്രമസമാധാനപാലകര്‍ക്ക് ഇരുവിഭാഗത്തിന്റെയും വിശ്വാസം നേടാനാവുന്നില്ല എന്നതും പ്രധാന വെല്ലുവിളിയാവുന്നു. ഇതിനിടെയാണ് ഖമെന്‍ലോക് മേഖലയില്‍ ഇന്നലെ രാത്രി ഉണ്ടായ വെടിവെപ്പില്‍ ഒരു സ്ത്രീ ഉള്‍പെടെ 9 പേര്‍ കൊല്ലപെട്ടത്. നിരവധി പേര്‍ക്ക് പരുക്കേറ്റു.
കുക്കി-മെയ്‌തെയ് സായുധ ഗ്രൂപ്പുകള്‍ അത്യാധുനിക ആയുധങ്ങളുമായി അക്രമം അഴിച്ചുവിടുകയാണ്. സംഘര്‍ഷത്തില്‍ ഇതുവരെ 121 പേര്‍ കൊല്ലപ്പെട്ടതായാണ് സര്‍ക്കാര്‍ കണക്ക്. അതേ സമയം നാളെ ഗവര്‍ണ്ണരുടെ നേതൃത്വത്തില്‍ പ്രത്യേക സമതി യോഗം ചേരും. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ രൂപീകരിച്ച ഗവര്‍ണറുടെ അധ്യക്ഷതയിലുള്ള സമാധാന സമിതിയിലും ഇരുവിഭാഗവും അവിശ്വാസം രേഖപ്പെടുത്തിയതോടെ സമാധാന ശ്രമങ്ങള്‍ വിഫലമാവുകയാണ്. അതിനാല്‍ മണിപ്പൂര്‍ സംഘര്‍ഷത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് ഇടപെടണം എന്ന ആവശ്യം പ്രതിപക്ഷം ശക്തമാക്കി.