പ്രിയങ്കാ, നീ പിന്തിരിയില്ലെന്ന് എനിക്കറിയാം, നിന്റെ ധൈര്യം കണ്ട് അവർ അമ്പരന്നു നില്ക്കുകയാണ്; ശ്രദ്ധേയമായി രാഹുലിൻ്റെ ട്വീറ്റ്
ലഖിംപുർ സംഘർഷത്തിൽ കൊല്ലപ്പെട്ട കർഷകരുടെ കുടുംബാംഗങ്ങളെ സന്ദർശിക്കാൻ പോയ പ്രിയങ്ക ഗാന്ധിയെ അറസ്റ്റ് ചെയ്ത പോലീസ് നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി. പ്രിയങ്ക ഗാന്ധിക്ക് പിന്തുണ നൽകിക്കൊണ്ടുള്ള പോസ്റ്റിൽ രാഹുൽ പറയുന്ന വാക്കുകളാണ് വൈറലായിരിക്കുന്നത്.
"പ്രിയങ്കാ, നീ പിന്തിരിയില്ലെന്ന് എനിക്കറിയാം. നിൻ്റെ ധീരത കണ്ട് അവർ അന്ധാളിച്ചു നിൽക്കുകയാണ്" എന്നാണ് രാഹുലിൻ്റെ വാക്കുകൾ. നീതിക്കുവേണ്ടിയുള്ള ഈ അഹിംസാ സമരത്തിൽ രാജ്യത്തിന്റെ അന്നദാതാക്കൾ വിജയം വരിക്കുമെന്നും സന്ദേശത്തിൽ രാഹുൽ പറയുന്നു.
അതിനിടെ ലഖിംപുർ ഖേരിയിൽ ഇന്നലെയുണ്ടായ സംഘർഷത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ഒമ്പതായി ഉയർന്നു. കൊല്ലപ്പെട്ടവരുടെ ഭവനങ്ങൾ സന്ദർശിക്കാൻ പോകുന്നതിനിടെയാണ് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി അറസ്റ്റിലായത്. ഇന്നലെ വൈകീട്ടാണ് ലഖ്നൗ വിമാനത്താവളത്തിൽ പ്രിയങ്ക എത്തിയത്. ലഖിംപുർ ഖേരിയിലേക്കുള്ള യാത്രാമധ്യേ പലയിടത്തും പൊലീസ് അവരെ തടഞ്ഞതായി റിപ്പോർട്ടുകളുണ്ട്. പൊലീസ് ഉദ്യോഗസ്ഥരുമായി പ്രിയങ്ക കയർത്തു സംസാരിക്കുന്നതിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ബി ജെ പി യിൽ നിന്ന് എന്ത് പ്രതീക്ഷിച്ചിരുന്നോ, അതു തന്നെ സംഭവിച്ചു എന്നാണ് പ്രിയങ്കയുടെ അറസ്റ്റിനെപ്പറ്റി യൂത്ത് കോൺഗ്രസ് ദേശീയ നേതാവ് ബി വി ശ്രീനിവാസ് ട്വീറ്റ് ചെയ്തത്. ഗാന്ധിജിയുടെ ജനാധിപത്യ രാഷ്ട്രത്തിൽ ഗോഡ്സെയുടെ ആരാധകർ തങ്ങളുടെ നേതാവിനെ അറസ്റ്റുചെയ്തു. കനത്ത മഴയെയും പൊലീസിനെയും കൂസാതെയാണ് അന്നദാതാക്കളെ കാണാൻ പ്രിയങ്ക പോയത്. പോരാട്ടങ്ങൾ തുടങ്ങിയിട്ടേ ഉള്ളൂവെന്നും കർഷക സമരം വിജയം വരിക്കുമെന്നും ട്വീറ്റിൽ പറയുന്നു. സീതാപുർ പൊലീസ് സ്റ്റേഷനിലേക്കാണ് പ്രിയങ്കയെ കൊണ്ടുപോയതെന്ന് റിപ്പോർട്ടുകളുണ്ട്. പ്രിയങ്ക കരുതൽ കസ്റ്റഡിയിലാണോ, അവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളിൽ വ്യക്തതക്കുറവുണ്ടെന്നാണ് ഒടുവിൽ പുറത്തുവരുന്ന വാർത്തകൾ.
ലഖിംപുർ ഖേരി സംഘർഷത്തിൽ ഇതേവരെ ഒമ്പത് പേരാണ് കൊല്ലപ്പെട്ടത്. ഇതിൽ അഞ്ചുപേർ കർഷകരാണെന്ന് റിപ്പോർട്ടുകളുണ്ട്. കർഷകരിൽ ഒരാൾ വെടിയേറ്റാണ് മരിച്ചതെന്നും കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് കുമാർ മിശ്രയുടെ മകനാണ് വെടിവെച്ചതെന്നും ആരോപണമുണ്ട്. മന്ത്രിയുടെ മകന്റെ കോൺവോയ് വാഹനങ്ങൾ ഇടിച്ചാണ് മൂന്നുപേർ കൊല്ലപ്പെട്ടത്. എന്നാൽ സംഭവ സ്ഥലത്ത് തന്റെ മകൻ ഉണ്ടായിരുന്നില്ലെന്നും കർഷകർക്കിടയിൽ നുഴഞ്ഞു കയറിയവരാണ് സംഘർഷത്തിന് തുടക്കം കുറിച്ചതെന്നും മന്ത്രി ആരോപിച്ചു.
അജയ് കുമാർ മിശ്രയെ കേന്ദ്ര മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്ന് കർഷക സംഘടനകൾ ആവശ്യപ്പെട്ടു. മന്ത്രി സഭാംഗമായി ചുമതലയെടുത്ത് 3 മാസം തികയുമ്പോഴേക്കും മന്ത്രിയെ പുറത്താക്കണമെന്ന ആവശ്യം ശക്തമായി ഉയർന്നിരിക്കുകയാണ്. ആവശ്യങ്ങൾ ഉന്നയിച്ച് കർഷക സംഘടനാ നേതാക്കൾ രാഷ്ട്രപതിക്ക് കത്തെഴുതിയിട്ടുണ്ട്. മന്ത്രി പുത്രനടക്കം പതിനാലു പേർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തതായി സ്ഥിരീകരിക്കാത്ത വാർത്തകളുണ്ട്. കൊല്ലപ്പെട്ട കർഷകരുടെ മൃതദേഹങ്ങളുമായി കർഷകർ റോഡ് ഉപരോധിക്കുകയാണ്. യു പി, രാജസ്ഥാൻ, ഹരിയാന തുടങ്ങി ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മുഴുവൻ വ്യാപകമായ പ്രതിഷേധ പരിപാടികൾ അരങ്ങേറുകയാണ്.