കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തിന് റായ്പൂരില്‍ സമാപനം

റായ്പുര്‍: കോൺഗ്രസിന്‍റെ 85-ാമത് പ്ലീനറി സമ്മേളനത്തിന് റായ്പൂരിൽ സമാപനം. പ്രതിപക്ഷ ഐക്യത്തിനുള്ള ആഹ്വാനവും പാർട്ടി കമ്മിറ്റികളിലെ 50 ശതമാനം സംവരണവുമാണ് റായ്പൂർ പ്ലീനറി സമ്മേളനത്തിന്‍റെ ഹൈലൈറ്റുകൾ. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയെ പരാജയപ്പെടുത്തിയതുപോലെ അദാനി കമ്പനിക്കെതിരെയും പോരാടുമെന്ന് രാഹുൽ ഗാന്ധി പ്രഖ്യാപിച്ചു. ഭാരത് ജോഡോ യാത്രയുടെ രണ്ടാം ഘട്ടം കിഴക്ക് നിന്ന് പടിഞ്ഞാറോട്ട് നടത്താനും തീരുമാനിച്ചു. പ്ലീനറി സമ്മേളനം പൂർത്തിയാക്കി ലോക്സഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ് കോൺഗ്രസ്. പ്ലീനറി വേദിയിൽ അവതരിപ്പിച്ച രാഷ്ട്രീയ പ്രമേയം ഒഴികെ, മറ്റ് അഞ്ച് പ്രമേയങ്ങള്‍ക്ക് പ്രകടനപത്രികയുടെ സ്വഭാവമുണ്ടായിരുന്നു. രാജ്യത്തുടനീളം ജാതി സെൻസസ്, ഒബിസി ക്ഷേമത്തിനായി പ്രത്യേക മന്ത്രാലയം, എസ് സി / എസ്ടി വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ അവകാശവും അന്തസ്സും സംരക്ഷിക്കാൻ രോഹിത് വെമുലയുടെ പേരിൽ നിയമം, പാർട്ടി കമ്മിറ്റികളിൽ 50 ശതമാനം സംവരണം എന്നിവ ദലിത് പിന്നാക്ക, ന്യൂനപക്ഷ വോട്ടുകൾ ലക്ഷ്യമിട്ടുള്ളതാണ്. കാർഷിക മേഖലയെ രക്ഷിക്കാൻ ആദ്യം ചെയ്യേണ്ടത് ആറ് ലക്ഷം രൂപ വരെയുള്ള കാർഷിക കടങ്ങൾ എഴുതിത്തള്ളുകയാണ് എന്ന് കോൺഗ്രസ് വ്യക്തമാക്കി. പാർട്ടി അധികാരത്തിൽ വന്നാൽ കർഷകരുടെ സ്വത്ത് കണ്ടുകെട്ടില്ല, താങ്ങുവില നിയമപരമായ അവകാശമാക്കും. സമ്മേളനം അവസാനിക്കുന്നതിന് തൊട്ടുമുമ്പ് സംസാരിച്ച രാഹുൽ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിയും അദാനിയും തമ്മിലുള്ള ബന്ധം ആവർത്തിച്ചു. അദാനിയും മോദിയും ഒന്നാണ്, ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയെപ്പോലെ അദാനി കമ്പനി ഇന്ത്യയുടെ സമ്പത്ത് വലിച്ചെടുക്കുകയാണ്. അതിനെതിരെയുള്ള പോരാട്ടത്തിൽ ഓരോ കോൺഗ്രസുകാരനും അണിചേരണമെന്നും രാഹുൽ പറഞ്ഞു.

Related Posts