കോൺഗ്രസ് പുനഃസംഘടന; കെ സുധാകരന് പൂർണ്ണാധികാരം നൽകില്ല

തിരുവനന്തപുരം: കെ.പി.സി.സി അധ്യക്ഷൻ കെ സുധാകരന് കോൺഗ്രസ് പുനഃസംഘടനയിൽ പൂർണ അധികാരം നൽകില്ല. പുനഃസംഘടനയിൽ അന്തിമ തീരുമാനമെടുക്കാൻ പ്രത്യേക സമിതി രൂപീകരിക്കും. എം.പിമാരും സമിതിയുടെ ഭാഗമാകും. എം.പിമാരുടെ നിലപാട് കൂടി കണക്കിലെടുത്താകും പട്ടികയ്ക്ക് അന്തിമരൂപം നൽകുകയെന്നാണ് സൂചന. ഇക്കാര്യത്തിൽ ഗ്രൂപ്പ് നേതാക്കളുമായി അടുത്തയാഴ്ച ചർച്ച നടത്തും. ഗ്രൂപ്പ് നേതാക്കളെ അനുനയിപ്പിക്കാനാണ് താരിഖ് അൻവറിന്‍റെ കേരള സന്ദർശനമെന്നാണ് സൂചന. ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകൾ ആരംഭിക്കാനിരിക്കെയാണ് കോൺഗ്രസിൽ വീണ്ടും ഭിന്നത ഉടലെടുത്തത്. പാർലമെന്‍റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി കഴിഞ്ഞ തവണ മികച്ച വിജയം നേടിയ രണ്ട് എംപിമാർക്കെതിരെ പാർട്ടി നേതൃത്വം സ്വീകരിച്ച അച്ചടക്ക നടപടി ശരിയായില്ലെന്നാണ് ഗ്രൂപ്പ് നേതാക്കൾ പറയുന്നത്.  അച്ചടക്ക വിഷയമായതിനാൽ പരസ്യ പ്രതികരണമില്ലെങ്കിലും മുരളീധരനും എം കെ രാഘവനുമൊപ്പമാണ് കേരളത്തിലെ രണ്ട് പ്രബല ഗ്രൂപ്പുകളും. തങ്ങൾക്ക് പറയാനുള്ളത് കേൾക്കാൻ പോലും കെ.പി.സി.സി നേതൃത്വം അവസരം നൽകിയില്ലെന്നും നേതാക്കൾ ചൂണ്ടിക്കാട്ടിയിരുന്നു.

Related Posts