പഞ്ചാബ് തിരഞ്ഞെടുപ്പിൽ പ്രശാന്ത് കിഷോറിൻ്റെ സഹായം തേടാൻ കോൺഗ്രസ്

വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോറിൻ്റെ സഹായം തേടുമെന്ന സൂചന നൽകി പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത്ത് സിങ്ങ് ചന്നി. നിലവിൽ ഗോവൻ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിൻ്റെ പ്രചാരണ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുകയാണ് പ്രശാന്ത് കിഷോർ.

പി കെ എന്ന് രാഷ്ട്രീയ വൃത്തങ്ങളിൽ അറിയപ്പെടുന്ന ആളാണ് പ്രശാന്ത് കിഷോർ. ഹൈക്കമാൻഡാണ് പ്രശാന്ത് കിഷോറിൻ്റെ സഹായം തേടാൻ നിർദേശിച്ചതെന്നും പഞ്ചാബിൻ്റെ ചുമതലയുള്ള കോൺഗ്രസ് നേതാവ് ഹരീഷ് ചൗധരിയാണ് ഇക്കാര്യം അറിയിച്ചതെന്നും ചരൺജിത്ത് സിങ്ങ് ചന്നി സ്ഥിരീകരിച്ചു. പശ്ചിമ ബംഗാൾ തിരഞ്ഞെടുപ്പിൽ ബിജെപി യെ തറപറ്റിക്കുകയും മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസ്സിന് വൻ വിജയം സമ്മാനിക്കുകയും ചെയ്ത പ്രശാന്ത് കിഷോർ തിരഞ്ഞെടുപ്പിന് തൊട്ടു പിന്നാലെ പൊതുരംഗത്തുനിന്ന് മാറിനിൽക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

2017-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ അമരിന്ദർ സിങ്ങിൻ്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാരിനെ അധികാരത്തിലേറ്റിയതിൽ പ്രശാന്ത് കിഷോറിന് വലിയ പങ്കുണ്ട്. തുടർന്ന് മുഖ്യമന്ത്രിയുടെ മുഖ്യ ഉപദേഷ്ടാവിൻ്റെ സ്ഥാനത്തേക്ക് നിയമിച്ചെങ്കിലും പ്രശാന്ത് കിഷോർ തൽസ്ഥാനം രാജിവെച്ച് ഒഴിയുകയായിരുന്നു.

Related Posts