അധികാരത്തിലെത്തിയാൽ കർണാടകയിൽ ഓരോ വീട്ടമ്മയ്ക്കും പ്രതിമാസം 2000 രൂപ നൽകാൻ കോൺഗ്രസ്സ്

ബെംഗളൂരു: അധികാരത്തിലെത്തിയാൽ ഓരോ വീട്ടമ്മയ്ക്കും പ്രതിമാസം 2000 രൂപ വീതം നൽകുമെന്ന് പ്രഖ്യാപിച്ച് കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി. കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി പദ്ധതി ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് സംഘടിപ്പിച്ച 'നാ നായഗി' എന്ന വനിതാ കൺവെൻഷനിലാണ് പദ്ധതി പ്രഖ്യാപിച്ചത്. 'ഗൃഹലക്ഷ്മി' എന്ന് പേരിട്ടിരിക്കുന്ന പദ്ധതി ഒന്നര കോടിയിലധികം വീട്ടമ്മമാർക്ക് ഗുണം ചെയ്യുമെന്നാണ് കോൺഗ്രസിന്‍റെ കണക്കുകൂട്ടൽ. സ്ത്രീ ശാക്തീകരണത്തിലൂടെ കുടുംബങ്ങളെ ശാക്തീകരിക്കുമെന്നും അതുവഴി രാഷ്ട്രം പുരോഗമിക്കുമെന്നും പ്രിയങ്ക ഗാന്ധി അഭിപ്രായപ്പെട്ടു. ബിജെപി സർക്കാർ അധികാരത്തിൽ വന്നതിനുശേഷം എന്തു മാറ്റമുണ്ടായെന്നും വിലക്കയറ്റത്തിനും തൊഴിലില്ലായ്മയ്ക്കുമെതിരെ സംസ്ഥാന സർക്കാരിന് എന്താണ് ചെയ്യാൻ കഴിഞ്ഞതെന്നും പ്രിയങ്ക ചോദിച്ചു. അഴിമതി മൂലം കർണാടകയിൽ 1.5 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായി. ബെംഗളൂരു ഉൾപ്പെടെ കർണാടകയിൽ പലയിടത്തും സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർദ്ധിച്ചിട്ടുണ്ട്. തൊഴിലവസരങ്ങൾ നൽകുന്നതിനേക്കാൾ വിവാദങ്ങൾ സൃഷ്ടിക്കാനാണ് ഈ സർക്കാരിനു താൽപ്പര്യം. ബി.ജെ.പിയുടെ ശ്രദ്ധ ചില ബിസിനസുകാരെ പ്രീതിപ്പെടുത്തുന്നതിൽ മാത്രമൊതുങ്ങുന്നുവെന്നും പ്രിയങ്ക പറഞ്ഞു. കോൺഗ്രസ് അധികാരത്തിലിരുന്നപ്പോൾ കർഷകർക്ക് വായ്പ നൽകി. കോൺഗ്രസ് ഭരണകാലത്താണ് ഐടി മേഖലയെ ശക്തിപ്പെടുത്തിയത്. കോൺഗ്രസ് സ്ത്രീകൾക്കായി പ്രകടനപത്രിക തയ്യാറാക്കിയപ്പോൾ പലരും കളിയാക്കി. എന്നാൽ അതിനുശേഷമാണ് പല രാഷ്ട്രീയ പാർട്ടികളും സ്ത്രീകളുടെ പ്രശ്നങ്ങൾ മനസിലാക്കാൻ തുടങ്ങിയത്. വീട്ടമ്മമാർക്ക് പ്രതിമാസം 2000 രൂപ വീതം കോൺഗ്രസ് നൽകും. ഓരോ വീട്ടിലും 200 യൂണിറ്റ് വൈദ്യുതി സൗജന്യമായി നൽകും. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിലെങ്കിലും ആളുകളുടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കണമെന്നും പ്രിയങ്ക പറഞ്ഞു.

Related Posts