മരണം വരെ കോൺഗ്രസുകാരൻ: കെ വി തോമസ്
മരണം വരെ താനൊരു കോൺഗ്രസുകാരൻ ആയിരിക്കുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ വി തോമസ്. സി പി എം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുക്കാൻ കണ്ണൂരിൽ എത്തിയ അദ്ദേഹം മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു. താൻ കോൺഗ്രസാണ്. ഒരു കോൺഗ്രസുകാരനാണ്. മരണം വരെ കോൺഗ്രസുകാരൻ ആയിരിക്കും. കോൺഗ്രസ് എന്നത് ഒരു ജീവിത ശൈലിയാണ്.
പാർട്ടി അച്ചടക്കം ലംഘിച്ചും സി പി എം സെമിനാറിൽ പങ്കെടുക്കുന്നതിനെ അദ്ദേഹം ന്യായീകരിച്ചു. താൻ പങ്കെടുക്കുന്നത് ഒരു ദേശീയ സെമിനാറിലാണ്. സി പി എമ്മിൻ്റെ പാർട്ടി പരിപാടിയിൽ അല്ല. ഒരു ദേശീയ സെമിനാറിൽ പങ്കെടുക്കുന്നതിൽ യാതൊരു തെറ്റുമില്ല. ജവാഹർലാൽ നെഹ്റു മുതൽ രാഹുൽ ഗാന്ധി വരെ ദേശീയ വിഷയങ്ങളിൽ കോൺഗ്രസ് സ്വീകരിച്ചു പോരുന്ന നിലപാട് പറയാനാണ് താൻ സെമിനാറിൽ പങ്കെടുക്കുന്നത്.
കോൺഗ്രസിൽ നിന്ന് പുറത്താക്കി കഴിഞ്ഞാൽ സി പി എം സംരക്ഷിക്കും എന്നാണല്ലോ പറയുന്നത് എന്ന ചോദ്യത്തിന് അത് തനിക്കറിയില്ലെന്നും താനതിന് പുറത്തു പോവുന്നില്ലല്ലോ എന്നുമാണ് അദ്ദേഹം പ്രതികരിച്ചത്. കണ്ണൂരിലുള്ള കെ പി സി സി അധ്യക്ഷൻ കെ സുധാകരനെ കാണുമോ എന്ന ചോദ്യത്തിന് അദ്ദേഹം വിളിച്ചാൽ തീർച്ചയായും കാണും എന്നായിരുന്നു മറുപടി.