ദൈവം വലിയവനാണ്; ദിലീപിന് ജാമ്യം കിട്ടിയതിൽ ആശ്വസിച്ച് നാദിർഷയുടെ ഫേസ്ബുക്ക് പോസ്റ്റ്

നടി ആക്രമിക്കപ്പെട്ട കേസിൽ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപിന് മുൻകൂർ ജാമ്യം അനുവദിച്ചു കൊണ്ടുള്ള ഹൈക്കോടതി ഉത്തരവിന് തൊട്ടുപിന്നാലെ നടൻ്റെ അടുത്ത സുഹൃത്തും സംവിധായകനുമായ നാദിർഷയുടെ ഫേസ്ബുക്ക് പോസ്റ്റ്. ദൈവം വലിയവനാണ് എന്ന് നാദിർഷ സോഷ്യൽ മീഡിയയിൽ കുറിച്ചു.
അടുത്തിടെ പുറത്തിറങ്ങിയ ദിലീപ് ചിത്രം കേശു ഈ വീടിൻ്റെ നാഥൻ സംവിധാനം ചെയ്തത് നാദിർഷയാണ്. സിനിമയിൽ സജീവമാകുന്നതിനും വർഷങ്ങൾ മുമ്പേയുള്ള സൗഹൃദമാണ് ഇരുവരും തമ്മിലുള്ളത്. ഗോപാലകൃഷ്ണൻ എന്ന പേരിൽ മിമിക്രി വേദികളിൽ പരിപാടികൾ അവതരിപ്പിക്കുന്ന കാലത്താണ് ദിലീപ് നാദിർഷയെ പരിചയപ്പെടുന്നതും സൗഹൃദത്തിലാവുന്നതും. നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപ് കുറ്റാരോപിതനായപ്പോൾ അയാളെ പരസ്യമായി പിന്തുണച്ച് മുന്നോട്ട് വന്ന അപൂർവം ചലച്ചിത്ര പ്രവർത്തകരിൽ ഒരാളാണ് നാദിർഷ.