പട്ടയ ഭൂമിയിലെ നിർമ്മാണം; 1960ലെ ഭൂപതിവ് നിയമം ഭേദഗതി ചെയ്യാൻ സർക്കാർ തീരുമാനം

തിരുവനന്തപുരം: പട്ടയ ഭൂമിയിലെ നിർമ്മാണങ്ങൾ ചിട്ടപ്പെടുത്താൻ കേരള ഭൂപതിവ് നിയമത്തിൽ പുതിയ ഭേദഗതി കൊണ്ടുവരാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനം. പ്രധാനമായും ഇടുക്കിക്കാണ് ഇത് ബാധകമാകുന്നത്. ഇടുക്കിയിലെ പട്ടയം സംബന്ധിച്ച മറ്റ് പരാതികളും പരിഹരിക്കും. കർഷകർ ഉൾപ്പെടെ ആയിരക്കണക്കിനാളുകൾക്ക് ഈ തീരുമാനം ഗുണം ചെയ്യും. 1960ലെ ഭൂപതിവ് നിയമം ഭേദഗതി ചെയ്യാനാണ് തീരുമാനം. ഇടുക്കി ജില്ലയിലെ ഭൂവിനിയോഗവുമായി ബന്ധപ്പെട്ട വിവിധ തരത്തിലുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിനാണിത്. ഈ മാസം 23 ന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിൽ ഇത് സംബന്ധിച്ച ഭേദഗതി ബിൽ അവതരിപ്പിക്കാനും യോഗം തീരുമാനിച്ചു. 1960-ലെ ഭൂമി പതിവ് നിയമത്തിൽ വകമാറ്റിയുള്ള ഉപയോഗം നിയന്ത്രിക്കുന്നതിന് ചട്ടങ്ങൾ രൂപീകരിക്കാൻ സർക്കാരിനെ അധികാരപ്പെടുത്തുന്നതാണ് ഭേദഗതി. ഇതിന്‍റെ തുടർച്ചയായി ബന്ധപ്പെട്ട ഭൂവിനിയോഗ ചട്ടങ്ങളും ഭേദഗതി ചെയ്യും.

Related Posts