ഗുണഭോക്തൃ അപേക്ഷാഫോം ഡിജിറ്റലൈസ് ചെയ്ത് കൊടകര ഗ്രാമപഞ്ചായത്ത്.

കൊടകര:

അപേക്ഷാ ഫോമുകൾ ഡിജിറ്റലൈസ് ചെയ്യുന്നതിൽ മുന്നേറ്റം കുറിച്ച് കൊടകര ഗ്രാമ പഞ്ചായത്ത്‌. പഞ്ചായത്തിന് കീഴിലെ വിവിധ ഗ്രാമസഭകളിലെ വ്യക്തിഗത ആനുകൂല്യങ്ങൾക്കുള്ള ഗുണഭോക്തൃ അപേക്ഷ ഫോമുകളാണ് പരിപൂർണമായും ഡിജിറ്റലൈസ് ചെയ്തത്. ഗൂഗിൾ ഷീറ്റിൽ മാർക്ക്‌ ചെയ്യാവുന്ന രീതിയിലാണ് അപേക്ഷ തയ്യാറാക്കിയിരിക്കുന്നത്.

2021-22 വാർഷിക പദ്ധതിയിലെ നവകേരളത്തിന് ജനകീയാസൂത്രണത്തിൽ ഉൾപ്പെടുത്തി വ്യക്തിഗത, കുടുംബ, ഗ്രൂപ്പ് ആനുകൂല്യങ്ങൾക്കുള്ള അപേക്ഷ ഫോമുകളാണ് ഡിജിറ്റലൈസ് ചെയ്തത്. കൊവിഡ് കാലഘട്ടത്തിൽ അപേക്ഷാഫോമുകൾ വീടുകളിൽ കൊണ്ട് പോയി നൽകി പൂരിപ്പിച്ച് തിരികെ വാങ്ങുന്ന പ്രക്രിയ രോഗവ്യാപനം ഉണ്ടാക്കുന്ന സാഹചര്യത്തിലാണ് ഗ്രാമപഞ്ചായത്ത് ഭരണസമിതി ഈ നൂതന മാർഗം സ്വീകരിച്ചത്. അപേക്ഷ ഫോം പ്രത്യേക ലിങ്കിലൂടെ മൊബൈലിൽ ലഭ്യമാക്കും. പൂരിപ്പിച്ച് തിരികെ സമർപ്പിക്കുമ്പോൾ പഞ്ചായത്തിലെ മദർ കമ്പ്യൂട്ടറിൽ ഡാറ്റാ രേഖപ്പെടുത്തും. ഓൺലൈൻ സൗകര്യം ഉപയോഗപ്പെടുത്താൻ സാധിക്കാത്ത ഉപഭോക്താക്കളെ ഫോം പൂരിപ്പിക്കുന്നതിന് വാർഡ് വികസന സമിതി, അങ്കണവാടി, ആർ ആർ ടി അംഗങ്ങൾ, ആശ വർക്കർമാർ എന്നിവർ സഹായിക്കും. കൂടാതെ ഓരോ വാർഡിലും 50 വീടുകൾ വീതം ഓരോ ക്ലസ്റ്ററുകളായി രൂപീകരിച്ചിട്ടുണ്ട്. ഒരാളെ ഇതിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ നിയമിച്ചിട്ടുണ്ട്. ആ വ്യക്തിയെയും ഈ ഓൺലൈൻ അപേക്ഷ ഫോം പൂരിപ്പിക്കാൻ സഹായിക്കാനായി നിയോഗിച്ചിട്ടുണ്ട്.

ലഭ്യമാകുന്ന അപേക്ഷകൾ മാർക്കിട്ട് മുൻഗണന നിശ്ചയിച്ച് ആനുകൂല്യങ്ങൾ നൽകും. ബി പി എൽ കാർഡുകാർക്കാണ് മുൻഗണന നൽകുന്നത്. കാർഷികാനുകൂല്യങ്ങൾ എ പി എൽ കാർക്കും ലഭ്യമാക്കും.

കൊടകര ഗ്രാമ പഞ്ചായത്തിലെ സ്ഥിര താമസക്കാരനായിരിക്കണം അപേക്ഷകൻ. പേര്, വയസ്സ്, വിലാസം, ആധാർ നമ്പർ, ബാങ്ക് സബ്‌സിഡി വിവരങ്ങൾ തുടങ്ങിയ വിവരങ്ങളാണ് ചേർക്കേണ്ടത്. ജൂലൈ 17 വരെയാണ് അപേക്ഷ സമർപ്പിക്കാൻ കഴിയുക.

സുഭിക്ഷ കേരളം വാഴ, ജാതി, തെങ്ങ്, സമഗ്ര പച്ചക്കറി കൃഷികൾ, അടുക്കള തോട്ടം ഗ്രോ ബാഗ്, ബയോ ഫ്ലോക് മത്സ്യ കൃഷി, പടുതക്കുളം മത്സ്യ കൃഷി, പശു, ആട് വളർത്തൽ, മുട്ടക്കോഴി വിതരണം, വീട് വാസയോഗ്യമാക്കൽ, പട്ടിക ജാതി വിദ്യാർത്ഥികൾക്ക് ലാപ്ടോപ്, ബാലസൗഹൃദം-പഠനസൗകര്യ സഹായം, പട്ടികജാതി വിഭാഗക്കാർക്ക് വിവാഹ സഹായം, ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവർക്ക് സ്കൂട്ടർ വിത്ത് സൈഡ് വീൽ, പട്ടികജാതി വിദ്യാർത്ഥികൾക്ക് മെറിറ്റോറിയസ് സ്കോളർഷിപ്പ്, പട്ടികജാതി കുടുംബങ്ങൾക്ക് പിവിസി വാട്ടർ ടാങ്ക്, വയോ ജനങ്ങൾക്ക് സഹായ ഉപകരണ വിതരണം എന്നിവക്കുള്ള അപേക്ഷകളാണ് ഓൺലൈനിൽ ആക്കിയത്.

ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ദിവ്യ ഷാജുവിന്റെ മകളും ബി എസ് സി മാത് സ്  വിദ്യാർഥിനിയുമായ അപർണ ഗൂഗിൾ സ്‌പ്രെഡ്‌ ഷീറ്റിൽ സർവ്വേ ഫോം നിർമിച്ച് പ്രസിഡണ്ടിന് നൽകിയതാണ് ഈ ആശയത്തിന് പ്രചോദനമായത്. പ്ലാൻ ക്ലാർക്ക് രാമചന്ദ്രനാണ് പഞ്ചായത്തിന് വേണ്ടി ഫോം തയ്യാറാക്കിയത്. അപേക്ഷാഫോം കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അമ്പിളി സോമൻ പ്രസിദ്ധീകരിച്ചു.

Related Posts