സംസ്ഥാന ബജറ്റിൽ തുടർച്ചയായ അവഗണന; സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിഷേധ ധർണ നടത്തി വലപ്പാട് ആശുപത്രി സമരസമിതി
ആശുപത്രി വികസനത്തിന് സംസ്ഥാന ബജറ്റിൽ ഫണ്ട് അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് വലപ്പാട് ആശുപത്രി വികസന ജനകീയ സമരസമിതി സെക്രട്ടേറിയേറ്റിനു മുന്നിൽ പ്രതിഷേധ ധർണ നടത്തി. ധർണക്ക് കോ-ഓഡിനേറ്റർ ടി എ പ്രേംദാസ് നേതൃത്വം നൽകി. സമരസമിതി കൺവീനർ സരസ്വതി വലപ്പാട്, കെ ജി സുരേന്ദ്രൻ, എൻ ഡി വേണു, കെ എസ് നിഹിൻ തുടങ്ങിയവർ സംസാരിച്ചു.
നൂറ്റാണ്ട് പ്രായമുള്ള വലപ്പാട് സാമൂഹികാരോഗ്യ കേന്ദ്രത്തിന് ഈ വർഷവും സംസ്ഥാന ബജറ്റിൽ ഫണ്ട് വകയിരുത്താഞ്ഞതിൽ പ്രതിഷേധിച്ചാണ് സമരസമിതി സെക്രട്ടേറിയേറ്റ് പടിക്കൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചതെന്ന് കോ-ഓർഡിനേറ്റർ ടി എ പ്രേംദാസ് പറഞ്ഞു.
നാട്ടിക മണ്ഡലത്തിലെ ഒട്ടുമിക്ക സർക്കാരാശുപത്രികൾക്കും അഞ്ചു മുതൽ 25 കോടി വരെ ഫണ്ട് അനുവദിച്ചിട്ടുണ്ട്. സ്ഥലം എംഎൽഎ സി സി മുകുന്ദൻ ഇക്കാര്യത്തിൽ തികഞ്ഞ അനാസ്ഥയും ഉപേക്ഷയുമാണ് കാണിക്കുന്നത്. അതിനാലാണ് ബജറ്റ് അവതരണത്തിന് പിറ്റേന്നുതന്നെ സെക്രട്ടേറിയറ്റ് പടിക്കൽ പ്രതിഷേധം സംഘടിപ്പിച്ചത്.
ആയിരത്തിലധികം ആളുകൾ ദിവസവും ഒ പി യിലെത്തുന്ന ആശുപത്രിയിൽ പി എസ് സി വഴി മൂന്നു ഡോക്ടർമാരെ മാത്രമാണ് നിയമിച്ചിട്ടുള്ളത്. രാവിലെയുള്ള പരിമിതമായ മണിക്കൂറുകൾ ഒഴിച്ച് ഡോക്ടർമാരുടെ സേവനം ഇല്ല. അപകട കേസുകൾ അറ്റൻ്റ് ചെയ്യുന്നില്ല. മറ്റൊരു റഫറൽ ആശുപത്രിയിലേക്ക് ഇരുപത്തിയഞ്ചു കിലോമീറ്ററിലധികം യാത്ര ചെയ്യേണ്ട സാഹചര്യമാണ്.
പട്ടികജാതി സമൂഹവും മത്സ്യ തൊഴിലാളികളും ദരിദ്രജനവിഭാഗങ്ങളും ഭൂരിപക്ഷമായ പ്രദേശത്ത് ആശുപത്രി വികസനത്തിന് മുൻഗണന നൽകാൻ സർക്കാർ തയ്യാറാകണം. മൂന്നു ദശാബ്ദം മുമ്പുവരെ ആശുപത്രിയിൽ പ്രസവ ശുശ്രൂഷയും കിടത്തി ചികിത്സയും പോസ്റ്റുമോർട്ടവും പോഷകാഹാര വിതരണവും പേ വാർഡും ലഭ്യമായിരുന്നു.
നിയമസഭാ സമ്മേളനം തീരുന്നതുവരെ വലപ്പാട് വെച്ച് റിലേ സത്യഗ്രഹം സംഘടിപ്പിച്ചിട്ടുണ്ട്. തുടർന്ന് എംഎൽഎ ഓഫീസിലേക്ക് മാർച്ച് നടത്തുമെന്നും സമരസമിതി നേതാക്കൾ അറിയിച്ചു.