സംസ്ഥാനത്ത് ട്രെയിൻ ഗതാഗത നിയന്ത്രണം; അധിക സർവീസുകളുമായി കെഎസ്ആർടിസി
തിരുവനന്തപുരം: സംസ്ഥാനത്ത് മാർച്ച് 26, 27 തീയതികളിൽ ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണമുണ്ടാകുമെന്ന് റെയിൽവേയുടെ അറിയിപ്പ്. മാർച്ച് 26ന് തിരുവനന്തപുരം കണ്ണൂർ ജനശതാബ്ദി എക്സ്പ്രസ്, എറണാകുളം ഷൊർണൂർ മെമു, എറണാകുളം ഗുരുവായൂർ എക്സ്പ്രസ്, മാർച്ച് 27ന് കണ്ണൂർ-തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസ് എന്നിവ റദ്ദാക്കി. ഈ സാഹചര്യത്തിൽ ട്രെയിൻ യാത്രക്കാർക്ക് കൂടി പ്രയോജനപ്പെടുന്ന രീതിയിൽ കെഎസ്ആർടിസി റെഗുലർ സർവീസുകൾക്ക് പുറമേ അധിക സർവീസുകൾ ഏർപ്പെടുത്തും. ടിക്കറ്റുകൾ ഓൺലൈനായി റിസർവ് ചെയ്യുന്നതിനുള്ള ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. അധിക സർവീസുകൾ പ്രയോജനപ്പെടുത്തണമെന്ന് കെ.എസ്.ആർ.ടി.സി യാത്രക്കാരോട് അഭ്യർത്ഥിച്ചു.