വടക്കാഞ്ചേരി നഗരസഭയിൽ കൺട്രോൾ റൂം ആരംഭിച്ചു

തൃശൂർ: മഴക്കാല ജാഗ്രതയിൽ വടക്കാഞ്ചേരി നഗരസഭയിൽ കൺട്രോൾ റൂം ആരംഭിച്ചു. നഗരസഭ പരിധിയില്‍ നെല്ലിക്കുന്ന്, പരുത്തിപ്ര 15-ാം വാര്‍ഡില്‍ ലക്ഷം വീട് കോളനി എന്നിവിടങ്ങളില്‍ നിന്ന് ആളുകളെ മാറ്റി പാര്‍പ്പിക്കാന്‍ ജില്ലാ കലക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചതു പ്രകാരം വടക്കാഞ്ചേരി ബോയ്സ് ഹൈസ്കൂളില്‍ ക്യാമ്പ് ആരംഭിച്ചിട്ടുണ്ട്. വീടൊഴിയാന്‍ തയ്യാറായ 2 പേര്‍ ക്യാമ്പില്‍ എത്തിയിട്ടുണ്ട്. അതിതീവ്ര മഴയെ തുടര്‍ന്നുള്ള കഴിഞ്ഞ 4 ദിവസങ്ങള്‍ നഗരസഭ അതീവ ജാഗ്രതയില്‍ ആയിരുന്നു. 2018 ല്‍ അപകടമുണ്ടായ കുറാഞ്ചേരിയുടെ പരിസരഭാഗമായ തെനംപറമ്പ് കോളനി നഗരസഭയുടെ അതീവ ജാഗ്രതാ നിരീക്ഷണത്തിലാണ്. മഴ കനക്കുകയോ കൂടുതല്‍ നീണ്ടു നില്‍ക്കുകയോ ചെയ്താല്‍ അവിടെയുള്ള ആളുകളെ മാറ്റിപാര്‍പ്പിക്കും. എല്ലാ ദിവസവും 6 അംഗങ്ങള്‍ അടങ്ങുന്ന ദ്രുതകര്‍മ്മ സംഘം, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരുടെ നേതൃത്വത്തില്‍ ഓഫീസില്‍ ക്യാമ്പ് ചെയ്ത് അടിയന്തിര ഘട്ടങ്ങളില്‍ ചെന്ന് വെള്ളക്കെട്ട് ഒഴിവാക്കലും മറ്റ് തടസങ്ങള്‍ നീക്കലും മരം മുറിച്ചു മാറ്റലും ചെയ്തിരുന്നു. ചെറിയ മണ്ണിടിച്ചില്‍ നടന്ന സ്ഥലങ്ങളില്‍ നഗരസഭാ ഉദ്യോഗസ്ഥ സംഘം സന്ദര്‍ശിച്ചിട്ടുണ്ടെന്നും സമാശ്വാസ ധനസഹായം റവന്യൂവകുപ്പ് നല്‍കുന്നതിനാല്‍ ആവശ്യമായ നഷ്ടപരിഹാര റിപ്പോര്‍ട്ട് യഥാസമയം വില്ലേജിന് നല്‍കാൻ നടപടി സ്വീകരിക്കുമെന്നും നഗരസഭ ചെയര്‍മാന്‍ പി എന്‍ സുരേന്ദ്രന്‍ പറഞ്ഞു.

മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ചേർന്ന അടിയന്തര കൗണ്‍സില്‍ യോഗത്തിൽ നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ ഒ ആർ ഷീല മോഹന്‍, സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ എം ആര്‍ അനൂപ് കിഷോര്‍, സ്വപ്ന ശശി, എ എം ജമീലാബി, നഗരസഭാ സെക്രട്ടറി കെ കെ മനോജ് എന്നിവർ സംസാരിച്ചു.

Related Posts