വിവാദമായി പഞ്ചാബ് മുഖ്യമന്ത്രിയുടെ അനന്തരവൻ്റെ അറസ്റ്റ്; തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടെന്ന് ആരോപണം

അനധികൃത മണൽ ഖനന കേസിൽ പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിങ്ങ് ചന്നിയുടെ അനന്തരവൻ ഭൂപേന്ദ്ര സിങ്ങ് ഹണിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങൾ എന്ന് ആരോപണം. ഇന്നലെ വൈകീട്ടാണ് ഭൂപേന്ദ്ര സിങ്ങ് ഹണിയെ ഇഡി കസ്റ്റഡിയിൽ എടുത്തത്. അദ്ദേഹത്തെ ഇന്ന് സിബിഐ കോടതിയിൽ ഹാജരാക്കും.

പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി മുഖ്യമന്ത്രി മമതാ ബാനർജിയുടെ ബന്ധു വീടുകളിൽ നടത്തിയ റെയ്ഡിന് സമാനമാണ് ഇപ്പോഴത്തെ റെയ്ഡ് എന്ന് പഞ്ചാബ് മുഖ്യമന്ത്രി ആരോപിച്ചു. സമ്മർദം ചെലുത്താൻ അതേരീതിയാണ് ഇവിടെയും പിന്തുടരുന്നത്. അന്വേഷണ എജൻസികളെ രാഷ്ട്രീയ ലക്ഷ്യങ്ങളോടെ ഉപയോഗിക്കുകയാണ് മോദി സർക്കാർ എന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിലെ (പി എം എൽ എ) വകുപ്പുകൾ പ്രകാരമാണ് ഹണിയെ അറസ്റ്റ് ചെയ്തതെന്ന് ഇ ഡി പറയുന്നു. 117 അംഗ പഞ്ചാബ് നിയമസഭയിലേക്കുള്ള വോട്ടെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് അറസ്റ്റ്. ഫെബ്രുവരി 20-നാണ് പഞ്ചാബിൽ വോട്ടെടുപ്പ് നടക്കുന്നത്. മാർച്ച് 10-ന് ഫലം പുറത്തുവരും.

കഴിഞ്ഞ മാസം ഹണിയുടെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളിൽ നടത്തിയ റെയ്ഡിൽ ഇ ഡി 8 കോടി രൂപ പിടിച്ചെടുത്തിരുന്നു. അനധികൃത മണൽ ഖനനവുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടത്തിയത്.

Related Posts