ഏകീകൃത കുർബാന തർക്കം; സർക്കാർ മധ്യസ്ഥത വേണ്ടെന്ന് സിറോ മലബാർ സഭ

കൊച്ചി: ഏകീകൃത കുർബാനയുമായി ബന്ധപ്പെട്ട തർക്കത്തിൽ സർക്കാർ മധ്യസ്ഥത വഹിക്കണമെന്ന ഹർജി നിലനിൽക്കില്ലെന്ന് ഹൈക്കോടതിയെ അറിയിച്ച് സിറോ മലബാർ സഭ. സഭയിലെ തർക്കങ്ങളിൽ മധ്യസ്ഥത വഹിക്കാൻ സംസ്ഥാന സർക്കാരിനോ ചീഫ് സെക്രട്ടറിക്കോ നിയമപരമായ ചുമതലയില്ല. ഏകീകൃത കുർബാന സിനഡ് ഏകകണ്ഠമായി തീരുമാനിച്ചതാണ്. എറണാകുളം-അങ്കമാലി അതിരൂപതയിലെ ചുരുക്കം ചില ഇടവകകൾ മാത്രമാണ് തീരുമാനം നടപ്പാക്കാത്തത്. ഭരണഘടനയനുസരിച്ച് വിശ്വാസപരമായ കാര്യങ്ങളിൽ തീരുമാനമെടുക്കാൻ സഭയ്ക്ക് അധികാരമുണ്ട്. ക്രമസമാധാന പാലനത്തിനുള്ള സർക്കാർ നടപടികളിൽ എതിർപ്പില്ലെന്നും സഭ വ്യക്തമാക്കി. കർദിനാൾ മാർ ജോർജ് ആലഞ്ചേരിയാണ് ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയത്.

Related Posts