വ്യാപാരികളേയും പൊതുജനത്തേയും ബോധവൽക്കരിക്കാൻ എങ്ങനെ കഴിയുമെന്ന് പ്രതിപക്ഷം
തൃശ്ശൂർ കോർപ്പറേഷന്‍റെ മുറ്റത്ത് പ്ലാസ്റ്റിക് പുൽത്തകടി വച്ചതിനെച്ചൊല്ലി വിവാദം
തൃശ്ശൂര്‍: സമ്പൂര്‍ണ പ്ലാസ്റ്റിക് നിരോധനം നടപ്പിലാക്കിയ തൃശ്ശൂർ കോർപ്പറേഷന്‍റെ മുറ്റത്ത് പ്ലാസ്റ്റിക് പുൽത്തകടി വച്ചതിനെച്ചൊല്ലി വിവാദം. ശതാബ്ദിയുടെ ഭാഗമായ നവീകരണത്തിലാണ് മരങ്ങൾ വെട്ടിമാറ്റി പ്ലാസ്റ്റിക് പുൽത്തകിടി വച്ചത്. ഇതിനെതിരെ പ്രതിപക്ഷം രംഗത്തെത്തി. നല്ല ഒന്നാന്തരം ഒറിജിനല്‍ പൂന്തോട്ടം വെട്ടിമാറ്റി ലക്ഷങ്ങൾ ചിലവിട്ട് പ്ലാസ്റ്റിക് പുല്ല് എത്തിച്ചത് ശരിയായില്ലെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.
2019 നവംബർ ഒന്ന് മുതല്‍ കോർപ്പറേഷൻ പരിധിയിൽ പ്ലാസ്റ്റിക് നിരോധനം നടപ്പിലാക്കിയിരുന്നു. വ്യാപാരികൾ പ്ലാസ്റ്റിക് ക്യാരി ബാഗ് നൽകുന്നത് കോർപ്പറേഷൻ വിലക്കുകയും ചെയ്തു. ഉപഭോക്താക്കളെയും ബോധവൽക്കരിച്ചു. എന്നാൽ ഇതൊന്നും കോര്‍പ്പറേഷന് ബാധകമായില്ല. നവീകരണത്തിന്റെ ഭാഗമായി കോർപ്പറേഷൻ കെട്ടിടത്തിന് മുന്നിൽ പ്ലാസ്റ്റിക് പുൽത്തകിടി വെച്ചുപിടിപ്പിച്ചു.
പുല്‍ത്തകിടി വെക്കുന്നതിന്‍റെ ഭാഗമായി മുൻവശത്തെ തണല്‍മരങ്ങൾ വെട്ടി. കോർപ്പറേഷൻ തന്നെ നിരോധനം ലംഘിക്കുമ്പോള്‍ വ്യാപാരികളേയും പൊതുജനത്തേയും ബോധവൽക്കരിക്കാൻ എങ്ങനെ കഴിയുമെന്ന് പ്രതിപക്ഷം ചോദിക്കുന്നു. പ്ലാസ്റ്റിക് പുൽത്തകിടി നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് സമരം തുടങ്ങാനാണ് കോൺഗ്രസിന്റെ തീരുമാനം. റീസൈക്കിൾ ചെയ്യാവുന്ന പ്ലാസ്റ്റിക് ആണ് പുൽത്തകിടിക്കായി ഉപയോഗിച്ചിരിക്കുന്നതെന്നാണ് മേയറുടെ വിശദീകരണം.