വിവാദങ്ങൾ നേട്ടത്തിലേക്ക്; കെ ജി എഫ് ചാപ്റ്റർ 2 നെ മറികടന്ന് 'പത്താൻ'
ഷാരൂഖ് ഖാൻ ചിത്രം 'പത്താൻ' വിവാദങ്ങളിൽ നിന്നും നേട്ടമുണ്ടാക്കിയതായി നിരീക്ഷകർ. നൂറിലധികം രാജ്യങ്ങളിൽ ബുധനാഴ്ചയാണ് ചിത്രം റിലീസ് ചെയ്തത്. വിദേശത്ത് 2,500 സ്ക്രീനുകളിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്. ഇന്ത്യയിൽ മാത്രം 5,000 സ്ക്രീനുകളിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്. ഇതാദ്യമായാണ് ഒരു ഇന്ത്യൻ ചിത്രം ഇത്ര വിപുലമായ റിലീസ് നടത്തുന്നത്. ഭീഷണിയെ തുടർന്ന് ഉത്തരേന്ത്യയിലെ തിയേറ്ററുകൾക്ക് നേരത്തെ സുരക്ഷ ശക്തമാക്കിയിരുന്നു. ചില ഒറ്റപ്പെട്ട പ്രദേശങ്ങളിലെ പ്രതിഷേധങ്ങൾ ഒഴികെ വലിയ പ്രശ്നങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. മുൻകൂർ ബുക്കിംഗിലും പത്താൻ കുതിപ്പ് നടത്തിയിരുന്നു. ആദ്യ ദിനം 5.21 ലക്ഷം ബുക്കിംഗുമായി പത്താൻ കെ ജി എഫ് ചാപ്റ്റർ 2 നെ പിന്നിലാക്കി ഇന്ത്യയിൽ ഈ വിഭാഗത്തിൽ മുന്നിലെത്തുന്ന രണ്ടാമത്തെ ചിത്രമായി. കെജിഎഫ് ചാപ്റ്റർ 2 ന്‍റെ ആദ്യ ദിവസത്തെ ബുക്കിംഗ് 5.15 ലക്ഷം രൂപയായിരുന്നു. 6.5 ലക്ഷം ടിക്കറ്റുകളുമായി ബാഹുബലി 2 ആണ് ഒന്നാം സ്ഥാനത്ത്.