കോർപ്പറേഷൻ കത്ത് വിവാദം; വ്യാജമെന്ന് മേയര്‍ ആര്യ രാജേന്ദ്രന്‍ ഹൈക്കോടതിയിൽ
കൊച്ചി: തിരുവനന്തപുരം കോർപ്പറേഷൻ കത്ത് വിവാദത്തിൽ സി.ബി.ഐ അന്വേഷണത്തിന് നിലവിൽ പ്രസക്തിയില്ലെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. തന്‍റെ പേരിലുള്ള കത്ത് വ്യാജമെന്ന് ആര്യാ രാജേന്ദ്രൻ കോടതിയിൽ വ്യക്തമാക്കി. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുളള ഹർജിയിലാണ് സർക്കാരും മേയറും നിലപാട് അറിയിച്ചത്. തിരുവനന്തപുരം കോർപ്പറേഷൻ മുൻ കൗൺസിലറായ ശ്രീകുമാറാണ് ജുഡീഷ്യൽ അന്വേഷണമോ സിബിഐ അന്വേഷണമോ ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. ഇപ്പോഴുള്ളത് ആരോപണമാണെന്നും ഇതിന് പിന്നിൽ രാഷ്ട്രീയമുണ്ടെന്നും സർക്കാർ വാദിച്ചു. മേയർക്ക് നോട്ടീസ് നൽകുന്നതിനെ സർക്കാർ എതിർത്തിരുന്നുവെങ്കിലും ആരോപണം മേയർക്ക് എതിരായതിനാൽ വിശദീകരണം നൽകണമെന്ന് കോടതി നിർദേശിച്ചു. മേയർക്കും പാർലമെന്‍ററി പാർട്ടി നേതാവ് ഡി ആർ അനിലിനും നോട്ടീസ് നൽകാൻ കോടതി തീരുമാനിച്ചു. സി.ബി.ഐ ഉൾപ്പെടെയുള്ളവർ കേസിൽ എതിർ കക്ഷികളാണ്. തിരുവനന്തപുരം നഗരസഭയിൽ നടന്നത് സ്വജനപക്ഷപാതവും ഭരണഘടനാ ലംഘനവുമാണെന്ന് ശ്രീകുമാർ ആരോപിച്ചു. കഴിഞ്ഞ ഒരു വർഷത്തിനിടെ 2,000 പേരെ നഗരസഭയിൽ ഉൾപ്പെടുത്തിയതായി ശ്രീകുമാർ ഹർജിയിൽ ആരോപിച്ചു. കത്ത് വിവാദത്തിൽ മേയർ ആര്യ രാജേന്ദ്രൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം നഗരസഭയിൽ യുവമോർച്ച ഉപരോധം. യുവമോർച്ച പ്രവർത്തകർ നഗരസഭാ കവാടം ഉപരോധിച്ചതിനാൽ കോർപ്പറേഷൻ ജീവനക്കാർക്ക് പ്രവേശിക്കാനായില്ല. ഇതോടെ ജീവനക്കാരും പ്രതിഷേധക്കാരും തമ്മിൽ വാക്കേറ്റമുണ്ടായി. കോർപ്പറേഷനിൽ ആരെയും പ്രവേശിപ്പിക്കില്ലെന്ന നിലപാടിലായിരുന്നു യുവമോർച്ച പ്രവർത്തകർ. ഇതോടെ പൊലീസ് ഇടപെട്ട് കോർപ്പറേഷന് പിന്നിലെ ഗേറ്റ് ഉപരോധിച്ചവരെ അറസ്റ്റ് ചെയ്ത് നീക്കി.