കോസ്റ്ററീക വല നിറച്ച് മുൻ ചാമ്പ്യൻമാരുടെ പടയോട്ടം
ദോഹ: കോസ്റ്ററീക വല നിറച്ച് ലോകകപ്പിൽ മുൻ ചാമ്പ്യൻമാരായ സ്പെയിൻ പടയോട്ടം തുടങ്ങി. അല്‍ തുമാമ സ്റ്റേഡിയത്തില്‍ ഗ്രൂപ്പ് ഇയിലെ മത്സരത്തിൽ എതിരില്ലാത്ത ഏഴ് ഗോളിനായിരുന്നു വിജയക്കുതിപ്പ്. അതിവേഗ മുന്നേറ്റങ്ങളിലൂടെയും പാസിങ്ങിലൂടെയും സ്പാനിഷ് താരങ്ങൾ എതിരാളികളെ നിലംപരിശാക്കി. വിജയികൾക്കായി ഫെറാൻ ടോറസ് ഇരട്ട ഗോൾ നേടിയപ്പോൾ ഡാനി ഓൽമോ, മാർകോ അസൻസിയോ, ഗാവി, കാർലോസ് സോളർ, അൽവാരോ മൊറാട്ട എന്നിവർ ശേഷിക്കുന്ന ഗോളുകൾ നേടി. ലോകകപ്പ് ചരിത്രത്തിലെ ടീമിന്റെ ഏറ്റവും വലിയ വിജയം കൂടിയാണ് ഇത് 1998 ലോകകപ്പിൽ ബൾഗേറിയയ്ക്കെതിരെയായിരുന്നു സ്പെയിനിന്‍റെ ഏറ്റവും വലിയ ലോകകപ്പ് വിജയം. കോസ്റ്റാറിക്കയെ എതിരില്ലാത്ത ഏഴ് ഗോളുകൾക്ക് തോൽപ്പിച്ച ലൂയിസ് എന്റിക്വെയും പുതിയ ചരിത്രമാണ് സൃഷ്ടിച്ചത്. കഴിഞ്ഞ മൂന്ന് ലോകകപ്പുകളിലും സ്പെയിനിന് ജയത്തോടെ തുടക്കം കുറിക്കാൻ കഴിഞ്ഞിട്ടില്ല. 2018ൽ പോർച്ചുഗലിനെതിരെ സമനില, 2014ൽ നെതർലൻഡ്സിനോട് തോൽവി, 2010ൽ സ്വിറ്റ്സർലൻഡിനോടും തോൽവി എന്നീ ക്രമത്തിലാണ് സ്പാനിഷ് ടീം ലോകകപ്പിന് തുടക്കമിട്ടത്.