അഞ്ച് സംസ്ഥാനങ്ങളിൽ വോട്ടെണ്ണൽ, നെഞ്ചിടിപ്പോടെ പാർടികൾ; ഉച്ചയോടെ ഫലമറിയാം
രാജ്യം മുഴുവൻ ഉറ്റുനോക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങൾ ഇന്ന് ഉച്ചയോടെ പുറത്തുവരും. ഉത്തർപ്രദേശ്, ഗോവ, മണിപ്പുർ, ഉത്തരാഖണ്ഡ്, പഞ്ചാബ് ഫലങ്ങളാണ് ഇന്നറിയുന്നത്. രണ്ട് വർഷത്തിന് ശേഷം നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിന്റെ ദിശ നിർണയിക്കുന്നതാണ് ഉത്തർപ്രദേശ് അടക്കമുള്ള സുപ്രധാന സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങൾ എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.
എക്സിറ്റ് പോൾ ഫലങ്ങൾ കൃത്യമായാൽ ഉത്തർപ്രദേശ്, മണിപ്പുർ, ഉത്തരാഖണ്ഡ് എന്നീ മൂന്നു സംസ്ഥാനങ്ങളിലും ഭരണകക്ഷിയായ ബി ജെ പി അധികാരം നിലനിർത്തും. തിരഞ്ഞെടുപ്പിന് മുൻപ് ഒട്ടേറെ രാഷ്ട്രീയ കോലാഹലങ്ങൾ നടന്ന പഞ്ചാബിൽ ആം ആദ്മി പാർടി തൂത്തു വാരുമെന്ന സർവേകൾ കോൺഗ്രസിന്റെ നെഞ്ചിടിപ്പ് കൂട്ടുന്നതാണ്. അവശേഷിക്കുന്ന സംസ്ഥാനങ്ങളിൽ കൂടി അധികാരം നഷ്ടമായാൽ കോൺഗ്രസിന്റെ ഭാവി എന്ത് എന്ന ചോദ്യമാണ് ഉയരുന്നത്.
റിസോർട് രാഷ്ട്രീയത്തിന്റെ പരീക്ഷണ ശാലയായ ഗോവയിൽ തൂക്ക് സഭ വരുമെന്ന പ്രവചനം പതിവുപോലെ കുതിരക്കച്ചവടത്തിനുള്ള സാധ്യതകൾക്ക് വഴി തുറക്കുന്നതാണ്. അധികാരം കൈക്കലാക്കാൻ നിന്നനിൽപ്പിൽ കളം മാറ്റിച്ചവിട്ടുന്ന ഗോവൻ രീതി ഇത്തവണയും ആവർത്തിക്കുമോ എന്നാണ് കണ്ടറിയേണ്ടത്.