സ്വാതന്ത്ര്യ സമരത്തെ അവഹേളിച്ച കങ്കണയ്ക്കെതിരെ രാജ്യമെമ്പാടും മുറവിളി; നടി പത്മശ്രീക്ക് യോഗ്യയല്ല, പുരസ്കാരം തിരിച്ചെടുക്കണം
പ്രശസ്ത ബോളിവുഡ് താരം കങ്കണ റണൗതിന് സമ്മാനിച്ച പത്മശ്രീ പുരസ്കാരം തിരിച്ചെടുക്കണമെന്ന ആവശ്യം ശക്തമാകുന്നു.1947-ൽ രാജ്യത്തിന് ലഭിച്ച സ്വാതന്ത്ര്യം ബ്രിട്ടീഷുകാർ നൽകിയ ഭിക്ഷയാണെന്നും രാജ്യം യഥാർഥ സ്വാതന്ത്ര്യം നേടിയത് 2014-ൽ നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ ഏറിയപ്പോൾ മാത്രമാണെന്നുമുള്ള കങ്കണയുടെ പ്രതികരണമാണ് വിവാദമായത്. താരത്തിൻ്റെ വാക്കുകൾക്കെതിരെ കക്ഷി രാഷ്ട്രീയ വ്യത്യാസമില്ലാതെയാണ് പ്രതികരണങ്ങൾ വരുന്നത്.
പത്മശ്രീ ജേതാവിൻ്റെ വാക്കുകൾ ഞെട്ടലുളവാക്കിയെന്ന് കോൺഗ്രസ് നേതാവ് ആനന്ദ് ശർമ പറഞ്ഞു. കഠോരമാണ് കങ്കണയുടെ വാക്കുകൾ. നടിക്ക് സമ്മാനിച്ച പത്മശ്രീ എത്രയുംവേഗം തിരിച്ചെടുക്കാൻ പ്രസിഡൻ്റ് രാംനാഥ് കോവിന്ദിനോട് അദ്ദേഹം ആവശ്യപ്പെട്ടു. മഹാത്മാ ഗാന്ധിയും നെഹ്റുവും സർദാർ പട്ടേലും ഉൾപ്പെടെ സ്വാതന്ത്ര്യസമര നേതാക്കളെയെല്ലാം അപമാനിക്കുന്നതാണ് നടിയുടെ പരാമർശങ്ങൾ. ഭഗത് സിങ്ങും ചന്ദ്രശേഖർ ആസാദും ഉൾപ്പെടെയുള്ള വിപ്ലവകാരികളുടെ ത്യാഗോജ്വലമായ സംഭാവനകളെ ഇകഴ്ത്തി കാണിക്കുകയാണ് കങ്കണയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
നടിയുടെ വാക്കുകൾ ഹൃദയശൂന്യവും ക്രൂരവുമാണെന്ന് ഹരിയാന മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിങ് ഹൂഡ കുറ്റപ്പെടുത്തി. കങ്കണയെ ബഹിഷ്കരിക്കാൻ ടെലിവിഷൻ ചാനലുകളോട് ആഹ്വാനം ചെയ്ത ഹിന്ദുസ്ഥാനി അവാമി മോർച പ്രസിഡൻ്റ് ജിതിൻ റാം മഞ്ചി അവർക്ക് സമ്മാനിച്ച പത്മശ്രീ ഉടനടി പിൻവലിക്കണമെന്ന ആവശ്യവും മുന്നോട്ടുവെച്ചു. ബിഹാറിൽ എൻഡിഎയുടെ സഖ്യകക്ഷിയാണ് എച്ച്എഎം.
മഹത്തായ സ്വാതന്ത്ര്യസമര പോരാട്ടങ്ങളെ ഭിക്ഷയായി ഇകഴ്ത്തിക്കാട്ടിയ നടിക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്ന് ശിവസേന ആവശ്യപ്പെട്ടു. കങ്കണയെ ഉടനടി അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി എൻസിപിയും രംഗത്തെത്തി. മലാന ക്രീം ഹെവി ഡോസിൽ എടുത്താവണം കങ്കണ അപകീർത്തികരമായ പ്രസ്താവന നടത്തിയതെന്ന് മന്ത്രിയും എൻസിപി നേതാവുമായ നവാബ് മാലിക് പരിഹസിച്ചു. ഹിമാചൽ പ്രദേശിൽ കണ്ടുവരുന്ന ഹാഷിഷിൻ്റെ വകഭേദമാണ് മലാന ക്രീം.
ഇന്ത്യൻ ജനതയുടെ വികാരങ്ങളെ വല്ലാതെ വ്രണപ്പെടുത്തുന്നതും കലാപത്തിന് പ്രേരിപ്പിക്കുന്നതുമാണ് നടിയുടെ വാക്കുകളെന്ന് എഎപി നാഷണൽ എക്സിക്യൂട്ടീവ് അംഗം പ്രീതി ശർമ മേനോൻ അഭിപ്രായപ്പെട്ടു. നടിക്കെതിരെ കേസെടുക്കണം എന്ന ആവശ്യമുന്നയിച്ച് എഎപി മുംബൈ പൊലീസിന് പരാതി നൽകിയിട്ടുണ്ട്.
ബിജെപിയിൽനിന്നും നടിക്കെതിരെ വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്. ഗാന്ധിയെ നിന്ദിച്ചും ഗാന്ധി ഘാതകരെ സ്തുതിച്ചും നേരത്തേ രംഗത്തുവന്നിട്ടുള്ള കങ്കണ ദശലക്ഷക്കണക്കിന് സ്വാതന്ത്ര്യ സമര പോരാളികളെയാണ് അപമാനിച്ചിരിക്കുന്നതെന്ന് വരുൺ ഗാന്ധി വിമർശിച്ചു. ഭ്രാന്ത് എന്നാണോ രാജ്യദ്രോഹം എന്നാണോ ഇതിനെ വിളിക്കേണ്ടതെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.