100 കോടി ഡോസ് മറികടക്കുമ്പോൾ ചെങ്കോട്ടയിൽ പാറുക 1400 കിലോഗ്രാം ഭാരംവരുന്ന പടുകൂറ്റൻ പതാക; വാക്സിനേഷനിലെ ചരിത്ര നേട്ടം ആഘോഷമാക്കാൻ രാജ്യം
കൊവിഡ് വൈറസിനെതിരെയുള്ള പ്രതിരോധ കുത്തിവെപ്പിൽ രാജ്യം ഇന്ന് റെക്കാഡ് സൃഷ്ടിക്കുമ്പോൾ ചെങ്കോട്ടയിൽ ഉയരാൻ പോകുന്നത് 1400 കിലോഗ്രാം ഭാരമുള്ള പടുകൂറ്റൻ പതാക. ഒരു ബില്യൺ അഥവാ നൂറ് കോടി എന്ന റെക്കോഡ് നേട്ടത്തെ അതിഗംഭീരമായ ആഘോഷമാക്കാനാണ് നരേന്ദ്രമോദി സർക്കാർ ആലോചിക്കുന്നത്.
ചെങ്കോട്ടയിൽ നടക്കുന്ന പരിപാടിയിൽ ഗായകൻ കൈലാഷ് ഖേർ ആലപിച്ച ഗാനവും ഓഡിയോ വിഷ്വൽ ഡോക്യുമെൻറെ റിയും പുറത്തിറക്കും. കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ ഉൾപ്പെടെയുള്ള പ്രമുഖരാണ് പരിപാടിയിൽ സംബന്ധിക്കുക. 100 കോടി ഡോസ് പൂർത്തിയാവുന്ന നിമിഷം തീവണ്ടികളിലും വിമാനങ്ങളിലും കപ്പലുകളിലും പ്രഖ്യാപനങ്ങൾ മുഴങ്ങും.
ബുധനാഴ്ചവരെ 99.7 കോടി ഡോസ് വാക്സിനാണ് രാജ്യത്ത് വിതരണം ചെയ്തത്. പ്രായപൂർത്തിയായവരിൽ 75 ശതമാനം ആളുകളും ഒന്നാം ഡോസ് എടുത്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അവകാശപ്പെട്ടു. രാജ്യത്തെ 31 ശതമാനം ജനങ്ങൾക്കാണ് വാക്സിന്റെ രണ്ടു ഡോസും ലഭിച്ചിരിക്കുന്നത്.