വെള്ളാപ്പള്ളി നടേശനെയും മകനെയും കെ.കെ മഹേശന്റെ മരണത്തിൽ പ്രതിചേർക്കാൻ കോടതി നിർദ്ദേശം
ആലപ്പുഴ: എസ്എൻഡിപി ഭാരവാഹിയായിരുന്ന കെ.കെ മഹേശന്‍റെ മരണവുമായി ബന്ധപ്പെട്ട് വെള്ളാപ്പള്ളി നടേശനെതിരെ കേസെടുക്കാൻ പൊലീസിന് കോടതി നിർദ്ദേശം. ആലപ്പുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് നിർദ്ദേശം. എസ്എൻഡിപി കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറിയായിരുന്ന കെ.കെ മഹേശന്‍റെ മരണവുമായി ബന്ധപ്പെട്ടാണ് കേസ്. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറിയാണ് വെള്ളാപ്പള്ളി നടേശൻ. തുഷാർ വെള്ളാപ്പള്ളി, കെ.എൽ അശോകൻ എന്നിവരും പ്രതിപ്പട്ടികയിലുണ്ട്. ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി മൂവർക്കുമെതിരെ കേസെടുക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. കെ.കെ മഹേശന്‍റെ കുടുംബം നൽകിയ ഹർജിയിലാണ് നടപടി. കെ.കെ മഹേശന്‍റെ ആത്മഹത്യ കൊലപാതകത്തിന് സമാനമാണെന്നാണ് കുടുംബം ആരോപിക്കുന്നത്. എന്നാൽ എസ്എൻഡിപിയുടെ ശത്രുക്കളായ സുഭാഷ് വാസു ഉൾപ്പെടെയുള്ളവരാണ് മഹേശനെ മാനസികമായി പീഡിപ്പിച്ച് മരണത്തിലേക്ക് തള്ളിവിട്ടതെന്ന് വെള്ളാപ്പള്ളി നടേശൻ ന്യായീകരിച്ചു.