രാജ്യത്ത് കൊവിഡ് കേസുകൾ കൂടുന്നു; 24 മണിക്കൂറിൽ 800 കേസുകൾ

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് കേസുകൾ കൂടുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 800 ലധികം കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 4 മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. 24 മണിക്കൂറിനിടെ 841 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സ തേടിയത്. ഇതോടെ സജീവ കേസുകളുടെ എണ്ണം 5,389 ആയി ഉയർന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം പ്രസിദ്ധീകരിച്ച കണക്കുകൾ വ്യക്തമാക്കുന്നു. രാജ്യത്ത് ഇതുവരെ 4.46 കോടി കോവിഡ് -19 കേസുകൾ റിപ്പോർട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഝാർഖണ്ഡിലെയും മഹാരാഷ്ട്രയിലെയും രണ്ട് മരണങ്ങളും കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതുകൂടാതെ കേരളത്തിൽ നേരത്തെയുണ്ടായ രണ്ട് മരണങ്ങളും കോവിഡ്-19 മൂലമാണെന്ന് കണ്ടെത്തിയിരുന്നു. കേരളം, മഹാരാഷ്ട്ര, കർണാടക, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഒരു ദിവസം ശരാശരി ഉണ്ടാകുന്ന പുതിയ കോവിഡ് കേസുകൾ ഫെബ്രുവരിയേക്കാൾ ആറ് മടങ്ങ് വർധിച്ചിരിക്കുകയാണ്. ഫെബ്രുവരി 18 വരെ പ്രതിദിന കോവിഡ് -19 കേസുകളുടെ ശരാശരി എണ്ണം 112 ആയിരുന്നെങ്കിൽ മാർച്ച് 18 വരെയുള്ള കണക്കുകൾ പ്രകാരം 626 ആണ്.

Related Posts