മാളയിൽ കൊവിഡിനെ നേരിടാൻ 'ബ്ലോക്ക് പഞ്ചായത്ത്‌ സഹായ നിധി'.

പ്രതിരോധ പ്രവർത്തനങ്ങൾക്കായി രാവും പകലുമില്ലാതെ ഓട്ടത്തിലാണ് മാള ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡണ്ട് സന്ധ്യ നൈസണും ഭരണ സമിതി അംഗങ്ങളും.

മാള:

കൊവിഡിന്റെ രണ്ടാം വരവിൽ അപകടകാരിയായ വൈറസിനെ മാളയിൽ നിന്ന് തുരത്തിയോടിക്കാൻ ബ്ലോക്ക് പഞ്ചായത്ത്‌ കച്ചമുറുക്കി ഇറങ്ങിക്കഴിഞ്ഞു. പ്രതിരോധ പ്രവർത്തനങ്ങൾക്കായി രാവും പകലുമില്ലാതെ ഓട്ടത്തിലാണ് മാള ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡണ്ട് സന്ധ്യ നൈസണും ഭരണ സമിതി അംഗങ്ങളും. എന്ത് ആവശ്യത്തിനും ഒരു ഫോൺ വിളിക്കപ്പുറത്ത് ആശ്വാസവുമായി ഇവരുണ്ട്. എല്ലാവരും ഒരേ മനസോടെ ഉണർന്ന് പ്രവർത്തിക്കുന്നു.

ബ്ലോക്ക് പഞ്ചായത്ത്‌ ദുരിതാശ്വാസ സഹായ നിധിയിലേക്ക് തന്റെ ഒരു മാസത്തെ ഓണറേറിയമായ 9000 രൂപ നൽകി ആദ്യമായി അക്കൗണ്ട് തുറന്നത് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ഗീത ചന്ദ്രനാണ്.

സർക്കാരിന്റെ നിർദ്ദേശ പ്രകാരമാണ് ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ദുരിതാശ്വാസ നിധി രൂപീകരിച്ചത്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് വേണ്ടിയാണ് ദുരിതാശ്വാസ നിധിയുടെ തുക പ്രയോജനപ്പെടുത്തുക. മഴക്കാലം ആരംഭിക്കാനിരിക്കെ തുടർന്ന് ഉണ്ടാകാവുന്ന ദുരിതാശ്വാസ സഹായങ്ങൾക്കും ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ സഹായ നിധിയുടെ കൈതാങ്ങുണ്ടാകുമെന്ന് പ്രസിഡന്റ്‌ സന്ധ്യ നൈസൺ പറഞ്ഞു.

ബ്ലോക്ക് പഞ്ചായത്ത് മൊബൈൽ ആംബുലൻസ് സർവീസ് ചികിത്സാ സഹായം ലഭ്യമായ ചില നല്ല മനസ്സിന്റെ ഉടമകളും സഹായനിധിയിലേക്ക് വേണ്ട ധനസഹായം എത്തിച്ചു നൽകാമെന്ന് ഉറപ്പു നൽകിയിട്ടുള്ളതായി പ്രസിഡൻറ് പറയുന്നു. മാള ബ്ലോക്ക് പഞ്ചായത്ത്‌ ദുരിതാശ്വാസ നിധിയിലേക്ക് സഹമെത്തിക്കാനായി 9400700684, 9497028796, 9446802078 എന്നി നമ്പറുകളിൽ ബന്ധപ്പെടാം.

ബ്ലോക്ക് പഞ്ചായത്തിന് പരിധിയിൽ വരുന്ന മാള, കുഴൂർ, അന്നമനട, പൊയ്യ, ആളൂർ എന്നീ അഞ്ച് പഞ്ചായത്തുകളിലേക്കും വേണ്ട സഹായം എത്തിച്ചു നൽകാൻ ദുരിതാശ്വാസ നിധിയിലൂടെ സാധിക്കും. ദുരിതാശ്വാസ സഹായ നിധിയിലേക്ക് കൂടുതൽ സംഭാവനകൾ എത്തുന്ന മുറയ്ക്ക് കൂടുതൽ സേവനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ കഴിയുമെന്നാണ് തൻ്റെ വിശ്വാസമെന്ന് പ്രസിഡൻ്റ് സന്ധ്യ നൈസൺ കൂട്ടിച്ചേർത്തു. മാസ്ക്കും സാനിറ്റൈസറും മാത്രമല്ല കൊവിഡ് കാലത്ത് ജോലിക്ക് പോലും പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യത്തിൽ ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ പത്ത് പേർ പട്ടിണി കിടക്കുന്ന ഒരു സാഹചര്യം ഉണ്ടെങ്കിൽ അവർക്ക് വേണ്ട ഭക്ഷണ സാധനങ്ങൾ എത്തിച്ചു കൊടുക്കാനും ബ്ലോക്ക് പഞ്ചായത്ത്‌ ഹെൽപ് ഡസ്ക് തയ്യാറാണ്. ഏത് പഞ്ചായത്ത്‌ പരിധിയിലാണോ സഹായം ആവശ്യമായി വരുന്നത് അവിടുത്തെ ഭരണ സമിതിയുമായി ആലോചിച്ച് വേണ്ട സഹായം എത്തിച്ചുകൊടുക്കുന്നു. അഞ്ചു പഞ്ചായത്തുകൾക്കും തണലാകുന്ന സഹായ പദ്ധതികളുമായിട്ടാണ് ബ്ലോക്ക് ഭരണ സമിതി മുന്നോട്ട് പോകുന്നത്.

മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് എല്ലാ പഞ്ചായത്തുകൾക്കും വേണ്ട നിർദേശങ്ങൾ നൽകിക്കഴിഞ്ഞു. ഇതിന്റെ ആദ്യപടിയായി

പി ഡബ്ല്യൂ ഡി റോഡുകളുടെ ഇരുവശങ്ങളിലുമായി കാറ്റിലും മഴയിലും വീഴാൻ സാധ്യതയുള്ള മരങ്ങൾ വെട്ടിമറ്റുന്നതിന് വേണ്ട തീരുമാനം എടുത്തുക്കഴിഞ്ഞു. പ്രളയം ബാധിച്ച പഞ്ചായത്തുകളായതുകൊണ്ട് തന്നെ ദുരിതാശ്വാസ ക്യാമ്പുകൾക്കായിട്ടുള്ള സ്ഥലങ്ങളും കണ്ടെത്തിക്കഴിഞ്ഞു.

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വേണ്ടി വരുന്ന എല്ലാവിധ സഹായങ്ങളും ഞൊടിയിടയിൽ എത്തിച്ചുകൊടുക്കുക എന്നതാണ് ബ്ലോക്ക് പഞ്ചായത്ത്‌ ഡെൽപ് ഡെസ്ക്കിന്റെ ലക്ഷ്യം.

Related Posts