കൊവിഡ് രണ്ടാം തരംഗത്തിൽ ആത്മഹത്യാ പ്രവണത വർധിച്ചതായി പഠനം
ഒന്നാം തരംഗത്തെ അപേക്ഷിച്ച് രണ്ടാം തരംഗ സമയത്ത് രാജ്യത്ത് ആത്മഹത്യ ചെയ്തവരുടെയും ആത്മഹത്യയെക്കുറിച്ച് ആലോചിക്കുന്നവരുടെയും എണ്ണത്തിൽ വർധനവ് ഉണ്ടായതായി റിപ്പോർട്ടുകൾ. രണ്ടാം തരംഗത്തിൽ വിഷാദ രോഗവും ഉത്കണ്ഠയും വർധിച്ചതായി സാകേതിലെ മാക്സ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലെ മെൻ്റൽ ഹെൽത്ത് ബിഹേവിയറൽ സയൻസസ് വിഭാഗം ഡയറക്റ്റർ ഡോ. സമീർ മൽഹോത്രയെ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ടു ചെയ്യുന്നു. 1069 പേരിൽ നടത്തിയ ഒരു പഠനത്തിൽ 55 ശതമാനം പേരിലും ഉത്കണ്ഠയും സമ്മർദവും നാലിലൊരാൾക്ക് വിഷാദ രോഗവും റിപ്പോർട്ടു ചെയ്തു.
27 ശതമാനം പേരും ആത്മഹത്യ ചെയ്യണമെന്നോ സ്വയം മുറിവേൽപ്പിക്കണമെന്നോ ഒരു തവണയെങ്കിലും കരുതിയവരാണ്. 3 ശതമാനക്കാരിൽ അത്തരം തോന്നലുകൾ ആവർത്തിച്ചു വരുന്നുണ്ട്. ലോക്ഡൗൺ കാലത്ത് രോഗികളിൽ നിന്നും അവരുടെ കുടുംബാംഗങ്ങളിൽ നിന്നും ഉത്കണ്ഠ, വിഷാദം, ആത്മഹത്യാ പ്രവണത എന്നിവ സംബന്ധിച്ച് ധാരാളം കോളുകൾ ലഭിക്കുന്നതായി ഡോ. മൽഹോത്ര പറഞ്ഞു.
പ്രതിസന്ധി കാലത്തെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ പ്രയാസങ്ങൾ നേരിടുന്ന ചെറുപ്പക്കാരിലും മധ്യവയസ്കരിലുമാണ് ആത്മഹത്യാ പ്രവണത കൂടുതലായി കാണുന്നതെന്നും അവരിൽ പലരും മദ്യപാനത്തിൽ അഭയം തേടുന്നതായും റാം മനോഹർ ലോഹ്യ ആശുപത്രിയിലെ മനോരോഗ വിദഗ്ധൻ ഡോ. മനീഷ് കണ്ട്പാൽ അഭിപ്രായപ്പെട്ടു. സാമ്പത്തിക ബുദ്ധിമുട്ടുകൾ, ഭയം, നീണ്ട സമയത്തെ ഒറ്റപ്പെടൽ എന്നിവ വിഷാദരോഗത്തിന് ഇടയാക്കുന്നുണ്ട്. അത് ആത്മഹത്യാ പ്രവണതയ്ക്ക് ആക്കം കൂട്ടുകയാണ്.