കൊവിഡ് മഹാമാരിയും, പ്രകൃതിക്ഷോഭവും ദുരിതത്തിലാക്കിയ മത്സ്യത്തൊഴിലാളികൾക്ക് സഹായവുമായി നാട്ടിക-വലപ്പാട് കൊടിയംപുഴ ദേവസ്വം കമ്മിറ്റി.
ദേവസ്വത്തിന് കീഴിലുള്ള ആയിരത്തി അഞ്ഞൂറോളം മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് ആശ്വാസമായി ദേവസ്വം നൽകിയത് അരിയും പലവ്യഞ്ജന കിറ്റുകളുമാണ്. കൊവിഡിന്റെ രണ്ടാംതരംഗ കാലമായ കഴിഞ്ഞ അഞ്ചു മാസത്തോളം ഏറെ ദുരിതത്തിലായിരുന്നു കൊടിയംപുഴ ദേവസ്വത്തിന് കീഴിലുള്ള മത്സ്യത്തൊഴിലാളി കുടുംബങ്ങൾ. പ്രായാധിക്യത്തെ തുടർന്ന് മത്സ്യബന്ധന മേഖലയിൽ നിന്ന് വിട്ടുനിന്നവർ അടക്കമുള്ളവർക്കാണ് കൊടിയംപുഴ ദേവസ്വം കമ്മിറ്റി അടിയന്തിരമായി സഹായം ഏർപ്പെടുത്താൻ തീരുമാനിച്ചത്.
വലപ്പാട് ബീച്ച് ബ്രഹ്മതേജോമയം ഹാളിൽ നടന്ന ചടങ്ങിൽ മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കുള്ള സഹായ വിതരണം ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ മഞ്ജുള അരുണൻ, വലപ്പാട് എസ്.എച്ച്.ഒ കെ.സുമേഷ്, വലപ്പാട്,നാട്ടിക ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ഷിനിത ആഷിക്ക്, എം.ആർ.ദിനേശൻ എന്നിവർ ചേർന്ന് നിർവ്വഹിച്ചു. ദേവസ്വം ചെയർമാൻ പി.വി.ജനാർദ്ദനൻ അദ്ധ്യക്ഷത വഹിച്ചു . ദേവസ്വം സെക്രട്ടറി വി.കെ.സുന്ദരൻ, പ്രസിഡന്റ് പി.വി.രാധാകൃഷ്ണൻ, പി.വി.ബാലൻ, വലപ്പാട് പഞ്ചായത്ത് അംഗങ്ങളായ വൈശാഖ് വേണുഗോപാൽ, കെ.എ.വിജയൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.