സ്വകാര്യ ആശുപത്രികളിലെ കൊവിഡ് ചികിത്സാ നിരക്ക് ഏകീകരിച്ച് സർക്കാർ ഉത്തരവ്.

കൊവിഡ് ചികിത്സക്കായി കൊള്ളനിരക്ക് ഈടാക്കുന്ന പശ്ചാത്തലത്തിൽ ചികിത്സാച്ചെലവുകളുടെ നിരക്ക് ഏകീകരിച്ച് സംസ്ഥാനസർക്കാർ ഉത്തരവിറക്കി.

തിരുവനന്തപുരം:

സ്വകാര്യ ആശുപത്രികൾ സംസ്ഥാനത്ത് പലയിടത്തും കൊവിഡ് ചികിത്സക്കായി കൊള്ളനിരക്ക് ഈടാക്കുന്ന പശ്ചാത്തലത്തിൽ ചികിത്സാച്ചെലവുകളുടെ നിരക്ക് ഏകീകരിച്ച് ഉത്തരവിറക്കി സംസ്ഥാനസർക്കാർ. പി പി ഇ കിറ്റുകൾ മുതൽ ചികിത്സയുമായി ബന്ധപ്പെട്ട എല്ലാ നിരക്കുകളും ഏകീകരിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തിറക്കിയതായാണ് സർക്കാർ ഹൈക്കോടതിയെ അറിയിച്ചത്. ഉത്തരവ് വായിച്ചുകേട്ടപ്പോൾ, ബഞ്ച് പ്രഥമദൃഷ്ട്യാ സർക്കാരിനെ അഭിനന്ദനമറിയിക്കുകയും ചെയ്തു. സംസ്ഥാനത്തെ എല്ലാ സ്വകാര്യ ആശുപത്രികൾക്കും, നഴ്സിംഗ് ഹോമുകൾക്കും ഈ ഉത്തരവ് ബാധകമാണ്.

ഇതിന്റെ ഭാഗമായി ഉത്തരവിന്‍റെ വിശദാംശങ്ങൾ അറിയിച്ചു. നേരത്തേ തന്നെ എല്ലാ സർക്കാർ, സ്വകാര്യ ആശുപത്രികളിലും മെഡിക്കൽ കോളേജുകളിൽ ഉൾപ്പടെ 50% കിടക്കകൾ കൊവിഡ് ചികിത്സയ്ക്കായി മാറ്റി വയ്ക്കണമെന്ന് സർക്കാർ ഉത്തരവിറക്കിയിരുന്നു. സഹകരണ, ഇ എസ് ഐ ആശുപത്രികളെ പൂർണമായും കൊവിഡ് ചികിത്സയ്ക്കുള്ള കേന്ദ്രങ്ങളാക്കി മാറ്റുകയും ചെയ്തിട്ടുണ്ട്. എംപാനൽ ചെയ്ത സ്വകാര്യ ആശുപത്രികളിൽ കൊവിഡ് ചികിത്സയ്ക്കായി സർക്കാർ നിർദേശിക്കുന്ന രോഗികൾക്കും കെ എ എസ് പി പ്രകാരം ആനുകൂല്യം ലഭിക്കേണ്ടവർക്കും സൗജന്യ ചികിത്സ തന്നെ നൽകണമെന്ന് നേരത്തേ നിർദേശം പുറപ്പെടുവിച്ചിരുന്നു. സ്വകാര്യ ആശുപത്രി അസോസിയേഷനുകളുമായി ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറി നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിൽ ചികിത്സാ നിരക്കിൽ ഏകീകരണം വരുത്താൻ തീരുമാനിച്ചതായി കോടതിയെ സർക്കാർ അറിയിച്ചു. അതനുസരിച്ച് ചികിത്സാ നിരക്ക് ഇങ്ങനെയാണ്:

ജനറൽ വാർഡ് NABH അക്രഡിറ്റേഷൻ ഇല്ലാത്ത ആശുപത്രികളിൽ ഒരു ദിവസത്തെ നിരക്ക് - 2645 രൂപ, NABH അക്രഡിറ്റേഷൻ ഉള്ള ആശുപത്രികളിൽ 2910 രൂപ.

HDU NABH അക്രഡിറ്റേഷൻ ഇല്ലാത്ത ആശുപത്രികളിൽ ഒരു ദിവസത്തെ നിരക്ക് - 3795 രൂപ, NABH അക്രഡിറ്റേഷൻ ഉള്ള ആശുപത്രികളിൽ 4175 രൂപ.

ഐ സി യു NABH അക്രഡിറ്റേഷൻ ഇല്ലാത്ത ആശുപത്രികളിൽ ഒരു ദിവസത്തെ നിരക്ക് - 7800 രൂപ, NABH അക്രഡിറ്റേഷൻ ഉള്ള ആശുപത്രികളിൽ 8580 രൂപ.

വെന്‍റിലേറ്ററോട് കൂടി ഐ സി യു

NABH അക്രഡിറ്റേഷൻ ഇല്ലാത്ത ആശുപത്രികളിൽ ഒരു ദിവസത്തെ നിരക്ക് - 13800 രൂപ, NABH അക്രഡിറ്റേഷൻ ഉള്ള ആശുപത്രികളിൽ 15180 രൂപ.

റജിസ്ട്രേഷൻ ചാർജുകൾ, ബെഡ് നിരക്ക്, നഴ്സിംഗ്- ബോർഡിംഗ് നിരക്ക്, സർജൻ അനസ്ത്രീസിസ്റ്റ്, മെഡിക്കൽ പ്രാക്ടീഷണേഴ്സ്, കൺസൾട്ടന്‍റ് നിരക്കുകൾ, അനസ്തേഷ്യ, ബ്ലഡ് ട്രാൻസ്ഫ്യൂഷൻ, ഓക്സിജൻ, മരുന്നുകൾ, പാഥോളജി- റേഡിയോളജി ടെസ്റ്റുകൾ, എക്സ് റേ, യുഎസ്ജി, ഹെമാറ്റോളജി, പാഥോളജി എന്നിവയ്ക്ക് 15 ദിവസം വരെയുള്ള നിരക്കുകൾ എല്ലാം ചേർത്താണ് ഈ തുകയെന്നും ഉത്തരവിൽ സർക്കാർ പറയുന്നു.

എന്നാൽ സി ടി ചെസ്റ്റ്, എച്ച് ആർ സി ടി ചെസ്റ്റ് ഇൻവെസ്റ്റിഗേഷനുകൾക്കും, പി പി ഇ കിറ്റുകൾക്കും, റെംഡെസിവിർ, ടോസിലിസുമാബ് ഉൾപ്പടെയുള്ള മരുന്നുകളും ഇതിലുൾപ്പെടില്ല. പക്ഷേ പി പി ഇ കിറ്റുകൾക്കടക്കം വിപണി വില മാത്രമേ ഈടാക്കാവൂ എന്ന് ഉത്തരവിൽ വ്യക്തമായി പറയുന്നു.

ആർ ടി പി സി ആർ നിരക്കുകൾ സർക്കാർ നിശ്ചയിച്ച അതേ തുകയ്ക്കേ നടത്താവൂ. Xpert NAT, TRUE NAT, RT -LAM, RAPID ആന്റിജൻ എന്നീ ടെസ്റ്റുകൾക്കും അധിക തുക ഈടാക്കാൻ പാടില്ല.

ജനറൽ വാർഡുകളിൽ കഴിയുന്ന രോഗികളിൽ നിന്ന് ദിവസം രണ്ട് പി പി ഇ കിറ്റിന്‍റെയും, ഐ സി യു രോഗികളിൽ നിന്ന് അഞ്ച് പി പി ഇ കിറ്റിന്‍റെയും തുകയേ ഇടാക്കാവൂ. ഇത് തന്നെ എം ആർ പി യിൽ നിന്ന്, വിപണി വിലയിൽ നിന്ന് ഒരു രൂപ കൂടരുത്.

ചികിത്സാനിരക്കുകൾ പ്രദർശിപ്പിക്കണം.

ആശുപത്രികൾക്ക് മുന്നിൽ കൊവിഡ് ചികിത്സയുമായി ബന്ധപ്പെട്ട വിവിധ ചികിത്സകളുടെയും മരുന്നുകളുടെയും വസ്തുക്കളുടെയും ഡോക്ടർമാരുടെയും നഴ്സ്മാരുടെയും സേവനങ്ങളുടെയും നിരക്കുകൾ എഴുതി പ്രദർശിപ്പിക്കണമെന്നും, ഇതിൽ നിന്ന് ഒരു രൂപ പോലും കൂടരുതെന്നും, സർക്കാർ നിർദേശിക്കുന്നു. വെബ്സൈറ്റുകളിലും ഈ നിരക്കുകൾ കൃത്യമായി പ്രദർശിപ്പിക്കണം. രോഗികൾക്കും കൂടെ നിൽക്കുന്നവർക്കും ഈ നിരക്കുകൾ ഏത് സമയവയും പരിശോധിക്കാനാകണം. കേരളാ ഷോപ്പ്സ് ആന്‍റ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്‍റ് ആക്ടുമായി ബന്ധപ്പെട്ട വെബ്സൈറ്റിലേക്ക് ഇതിന്‍റെ ലിങ്കുകൾ നൽകണം.

ജില്ലാ മെഡിക്കൽ ഓഫീസർക്കാകും ഇത് സംബന്ധിച്ചുള്ള ഏത് പരാതികളും കേൾക്കാനും പരിഹാരം നിർണയിക്കാനുമുള്ള അവകാശം. ചെയർമാൻ ശ്രീ സി കെ പദ്മാകരൻ, മെമ്പർമാരായി ഡോ. രാജീവൻ, ഡോ. വി ജീ പ്രദീപ്കുമാർ എന്നിവർ അംഗങ്ങളായ സമിതി അപ്പലൈറ്റ് അതോറിറ്റിയായിരിക്കും. കൊള്ളനിരക്ക് ഏത് ആശുപത്രി ഈടാക്കിയതായി പരാതി ലഭിച്ചാലും ഈ സംവിധാനത്തിലൂടെയാകും പരിഹാരമുണ്ടാകുക. ഇവരെ ബന്ധപ്പെടാനുള്ള നമ്പറുകൾ കേരളാ ഷോപ്പ്സ് ആന്‍റ് കൊമേഴ്ഷ്യൽ എസ്റ്റാബ്ലിഷ്മെന്‍റ് ആക്ടുമായി ബന്ധപ്പെട്ട വെബ്സൈറ്റിൽ ഉണ്ടാകും.

നിശ്ചയിച്ചതിലും കൂടുതൽ ഏതെങ്കിലും ആശുപത്രി കൂടുതൽ നിരക്ക് ഈടാക്കിയെന്ന് കണ്ടെത്തിയാൽ പത്തിരട്ടി തുക പിഴയായി ഒടുക്കേണ്ടി വരും. കർശനനടപടിയുണ്ടാകും. പി പി ഇ കിറ്റുകൾ, പൾസ് ഓക്സിമീറ്ററുകൾ, ഓക്സിജൻ സിലിണ്ടറുകൾ, മറ്റ് അനുബന്ധവസ്തുക്കൾ എന്നിവയ്ക്ക് കൊള്ളവില ഈടാക്കിയാൽ കടുത്ത നടപടി ജില്ലാ കളക്ടർ നേരിട്ട് സ്വീകരിക്കും. രോഗികളെത്തിയാൽ അഡ്വാൻസ് തുക ഈടാക്കിയ ശേഷം മാത്രം അഡ്മിഷൻ എന്ന നിലപാടെടുത്താലും നടപടിയുണ്ടാകും. ഈ നിരക്കുകൾ അടിയന്തരമായി നടപ്പാക്കാൻ തീരുമാനിച്ചതായും സർക്കാർ കോടതിയെ അറിയിച്ചു.

നീതികരിക്കാൻ കഴിയാത്ത തരത്തിൽ സ്വകാര്യ ആശുപത്രികൾ ബില്ല് ഈടാക്കിയതിനെത്തുടർന്നാണ് ഹൈക്കോടതി ഇടപെട്ടേ തീരൂ എന്ന സാഹചര്യമുണ്ടായതെന്ന് കേസ് പരിഗണിച്ച ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി. ഇന്നലെ മാത്രം ലഭിച്ച ബില്ലുകൾ ഉയർത്തിക്കാണിച്ച കോടതി, കഞ്ഞി നൽകാനായി 1353 രൂപ ഈടാക്കിയെന്ന് പറഞ്ഞു. ഒരു ഡോളോ ഗുളികയ്ക്ക് 25 രൂപയാണ് വാങ്ങിയത്. അൻവർ ആശുപത്രിയിൽ അമിത ഫീസ് ഈടാക്കിയ സംഭവത്തിൽ, ഡി എം ഒയുടെ റിപ്പോർട്ട് ലഭിച്ചതായും കോടതി പറഞ്ഞു.

എന്നാൽ സ്വകാര്യ ആശുപത്രികൾ ഉത്തരവിലെ പല നിർദേശങ്ങളെയും കോടതിയിൽ എതിർത്തു. പല നിർദേശങ്ങളും പ്രായോഗികമല്ലെന്നും, സർക്കാർ തങ്ങൾക്ക് ഒരു സബ്സിഡിയും നൽകുന്നില്ലെന്നും ആശുപത്രികൾ വാദിച്ചു. എം ഇ എസ് ആശുപത്രി, സർക്കാർ നിശ്ചയിച്ച നിരക്ക് അംഗീകരിച്ച് മുന്നോട്ട് പോകുമെന്ന് കോടതിയെ അറിയിച്ചു. നഷ്ടം സഹിക്കേണ്ടി വരുമെങ്കിലും സേവനം എന്ന നിലയിൽ ഉത്തരവ് അംഗീകരിക്കാൻ തയ്യാറാണെന്നും എം ഇ എസ് വ്യക്തമാക്കി.

എന്നാൽ മഹാമാരിക്കാലത്ത് പാവപ്പെട്ടവനെന്നോ പണക്കാരനെന്നോ ഇല്ലെന്ന് വ്യക്തമാക്കിയ കോടതി, ഉത്തരവ് നിലനിൽക്കുമെന്ന് നിരീക്ഷിച്ചു. കഴിഞ്ഞ നാളുകളിൽ വന്ന ഉയർന്ന തുകയുടെ ബില്ലുകൾ ലഭിച്ചവരുണ്ടെങ്കിൽ അതുമായി ഡി എം ഒയെ സമീപിച്ചാൽ അതിൽ നടപടി ഉണ്ടാവണം എന്നും കോടതി കർശനനിർദേശം നൽകിയിട്ടുണ്ട്. ഇക്കാര്യം പരിഗണിക്കാമെന്ന് സർക്കാർ കോടതിയെ അറിയിച്ചു.

Related Posts