സ്കൂളുകൾ തുറന്നതോടെ അമേരിക്കയിൽ കുട്ടികളിലെ കൊവിഡ് ബാധ വർധിച്ചതായി റിപ്പോർട്ട്

സ്കൂളുകൾ തുറന്ന് പ്രവർത്തിക്കാൻ തുടങ്ങിയതോടെ കുട്ടികൾക്കിടയിൽ കൊവിഡ് വർധിക്കുന്നതായി അമേരിക്കയിൽ നിന്നുള്ള റിപ്പോർട്ടുകൾ. ആഗസ്റ്റ് അവസാന വാരത്തിൽ പുതിയതായി 2,50,000 കുട്ടികൾക്ക് രോഗബാധയുണ്ടായതായി അമേരിക്കൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് പ്രസിദ്ധീകരിച്ച റിപ്പോർട്ട് പറയുന്നു. അമേരിക്കയിൽ കൊവിഡ് ബാധ റിപ്പോർട്ട് ചെയ്തു തുടങ്ങിയ കാലം മുതലുള്ള ഏറ്റവും ഉയർന്ന പ്രതിവാര കണക്കാണിത്.

പുതിയ കൊവിഡ് കേസുകൾ കുതിച്ചുയരുന്നത് മൂലം കുട്ടികളുടെ ആശുപത്രികളുടെ പ്രവർത്തനം പ്രയാസകരമാകുന്നതായി യു എസ് സെൻ്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷനിൽ (സി ഡി സി) നിന്നുള്ള ഡാറ്റ കാണിക്കുന്നു. സെപ്റ്റംബർ 6 വരെയുള്ള ആഴ്ചയിൽ ഏകദേശം 2,500 കുട്ടികളെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കൊവിഡുമായി ബന്ധപ്പെട്ട മരണങ്ങൾ വ്യാപകമല്ലെങ്കിലും, ബുധനാഴ്ച വരെ ഏകദേശം 520 കുട്ടികൾ കോവിഡ് മൂലം മരിച്ചിട്ടുണ്ട്.

സെപ്റ്റംബർ 3 ന് സി ഡി സി പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം ഡെൽറ്റ വകഭേദം കാരണം കുട്ടികൾക്കിടയിലെ കൊവിഡ് ബാധ അഞ്ച് മടങ്ങ് വർധിച്ചിട്ടുണ്ട്. ജൂൺ-ആഗസ്റ്റ് കാലയളവിൽ, നാല് വയസ്സിന് താഴെയുള്ളവരുടേയും 12 മുതൽ 17 വയസ്സുവരെയുള്ളവരുടേയും ആശുപത്രി പ്രവേശനം 10 മടങ്ങ് കൂടുതലായിരുന്നു. സി ഡി സി യുടെ തന്നെ മറ്റൊരു റിപ്പോർട്ട് അനുസരിച്ച് ജൂൺ മുതൽ ആഗസ്റ്റ് വരെ കുട്ടികളുടെ ആശുപത്രി പ്രവേശന നിരക്ക് കൂടിയിട്ടുണ്ടെങ്കിലും വാക്സിനേഷൻ നിരക്ക് കൂടുതലുള്ള സംസ്ഥാനങ്ങളിൽ ആശുപത്രി പ്രവേശന നിരക്ക് കുറവാണ്.

എ എ പി റിപ്പോർട്ടുകൾ പ്രകാരം മുഴുവൻ അമേരിക്കൻ സംസ്ഥാനങ്ങളിലും കൊവിഡ് കേസുകളിൽ വർധനവ് ഉണ്ടായിട്ടുണ്ട്. എന്നാൽ രാജ്യത്തുടനീളം അസമമായ ഉയർച്ചയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞയാഴ്ച 11 സംസ്ഥാനങ്ങളിൽ 1,50,000 ൽ കൂടുതലും മൂന്ന് സംസ്ഥാനങ്ങളിൽ 10,000 ൽ താഴെയുമാണ് കുട്ടികളിലെ കോവിഡ് ബാധ റിപ്പോർട്ട് ചെയ്തത്. ടെന്നസി, സൗത്ത് കരോലിന, റോഡ് ഐലന്റ്, നോർത്ത് ഡക്കോട്ട, അർക്കൻസാസ്, മിസിസിപ്പി സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ടു ചെയ്തിട്ടുളളത്.

Related Posts