കൊവിഡ് കൂടെയുണ്ട്, നാലു മാസം കൂടുമ്പോൾ പുതിയ വകഭേദങ്ങൾ; മുന്നറിയിപ്പുമായി ഐക്യരാഷ്ട്ര സംഘടന
കോവിഡ് മഹാമാരിയിൽ നിന്ന് ലോകം അകന്നു പോയിട്ടില്ലെന്നും നാലു മാസത്തിലൊരിക്കൽ പുതിയ വകഭേദങ്ങൾ രൂപപ്പെടുന്നുണ്ടെന്നും ഐക്യരാഷ്ട്ര സംഘടന. ലോകത്ത് എല്ലായിടത്തും എല്ലാവർക്കും വാക്സിനുകൾ എത്തിക്കാൻ സർക്കാരുകളും ഫാർമസ്യൂട്ടിക്കൽ കമ്പനികളും ഒരുമിച്ച് പ്രവർത്തിക്കണമെന്ന് യു എൻ സെക്രട്ടറി ജനറൽ അൻ്റോണിയോ ഗുട്ടെറസ് ആവശ്യപ്പെട്ടു.
ലോകത്ത് ഓരോ ദിവസവും 1.5 ദശലക്ഷം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഏഷ്യയിൽ വലിയ തോതിൽ രോഗം പടരുകയാണ്. യൂറോപ്പിലുടനീളം പുതിയ തരംഗം വ്യാപിക്കുന്നു. ചില രാജ്യങ്ങളിൽ മഹാമാരിയുടെ തുടക്കത്തിൽ ഉള്ളതിനേക്കാൾ ഉയർന്ന മരണനിരക്കാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഉയർന്ന വരുമാനമുള്ള ചില രാജ്യങ്ങൾ രണ്ടാമത്തെ ബൂസ്റ്റർ ഡോസിനായി തയ്യാറെടുക്കുമ്പോൾ മനുഷ്യരാശിയുടെ മൂന്നിലൊന്നും വാക്സിനേഷൻ എടുക്കാതെ തുടരുകയാണെന്നും അദ്ദേഹം ഓർമിപ്പിച്ചു. അസമത്വത്തിൻ്റെ ഏറ്റവും ദുരന്തപൂർണമായ വശം ഇതാണ്.
അടുത്ത വകഭേദം ഉണ്ടാകുമോ എന്നതല്ല, മറിച്ച് എപ്പോൾ എന്ന ചോദ്യമാണ് ലോകത്തിന് മുന്നിലുള്ളതെന്ന് ഗുട്ടെറസ് പറഞ്ഞു. ഈ വർഷം പകുതിയോടെ മുഴുവൻ രാജ്യങ്ങളിലും 70 ശതമാനം വാക്സിനേഷൻ എന്ന ലക്ഷ്യത്തിൽ നിന്ന് നാം വളരെ അകലെയാണ്. ഓരോ നാല് മാസത്തിലും പുതിയ വകഭേദങ്ങൾ ഉയർന്നുവരുന്നതിനാൽ സമയം വളരെ പ്രധാനമാണെന്നും അദ്ദേഹം ഓർമിപ്പിച്ചു.